ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്; പ്രതിഷേധവുമായി ബിഷപ് കൗൺസിലും കാത്തലിക് യൂണിയനും രംഗത്ത്

By Web TeamFirst Published Oct 10, 2020, 4:46 PM IST
Highlights

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി റാഞ്ചി രൂപത രംഗത്ത് വന്നിരുന്നു. അറസ്റ്റ് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നുവെന്നും രാത്രി അറസ്റ്റ് ചെയ്ത നടപടി കടുത്ത അനീതിയാണെന്നും കത്തോലിക്കാ സഭ പ്രതികരിച്ചു

ദില്ലി: ഭീമാ–കൊറേഗാവ് കലാപ കേസിൽ മലയാളിയായ ക്രൈസ്തവ പുരോഹിതൻ ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തതിനെരെ പ്രതിഷേധവുമായി കാത്തലിക് ബിഷപ് കൗൺസിലും ഇന്ത്യൻ കാത്തലിക് യൂണിയനും രംഗത്ത് എത്തി. ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയയ്ക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. എല്ലാ പൗരന്മാരുടെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഫെലിക്സ് മച്ചാഡോ ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി റാഞ്ചി രൂപത രംഗത്ത് വന്നിരുന്നു. അറസ്റ്റ് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നുവെന്നും രാത്രി അറസ്റ്റ് ചെയ്ത നടപടി കടുത്ത അനീതിയാണെന്നും കത്തോലിക്കാ സഭ പ്രതികരിച്ചു. വൃദ്ധനായ ഒരാളെ അർദ്ധരാത്രി അറസ്റ്റ് ചെയ്തു കൊണ്ടുപോകേണ്ട എന്ത് സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് റാഞ്ചി രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചോദിക്കുന്നു.

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് 83കാരനായ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. ‌ഈ മാസം 23 വരെ അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. റാഞ്ചിയിൽ നിന്ന് അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുവന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി അദ്ദേഹത്തെ ഒക്ടോബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തലോജ സെൻട്രൽ ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. 

''എൻഐഎ പോലൊരു ഏജൻസിക്ക് യാതൊരു തരത്തിലും നേട്ടമുണ്ടാക്കുന്ന നീക്കമല്ല ഇത്. അറസ്റ്റ് പോലൊരു നീക്കത്തിലേക്ക് കടക്കുകയാണെങ്കിൽ അർദ്ധരാത്രി എന്തിനാണ് വൃദ്ധനായ സ്റ്റാൻ സ്വാമിയുടെ വീട്ടിൽ കടന്നുകയറിയതെന്ന കാര്യം ഇനിയും വ്യക്തമാകുന്നില്ല'', എന്നും റാഞ്ചി രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ ചരിത്രകാരൻ രാമചന്ദ്രഗുഹ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അഞ്ച് പതിറ്റാണ്ടായി ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന മൈനിംഗ് കമ്പനികൾക്കെതിരെയുള്ള ശബ്ദം ഇല്ലാതാക്കാൻ വേണ്ടിയാണ് അറസ്റ്റെന്നും ചരിത്രകാരൻ  രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്, ബിജെപി സർക്കാറിനൊത്ത് കളിക്കുന്ന എൻഐഎ യുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവർത്തി എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ വിമര്‍ശനം.

click me!