സര്‍ക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളും സംസ്കൃത സ്കൂളുകളും അടയ്ക്കാന്‍ തീരുമാനിച്ച് അസം

By Web TeamFirst Published Oct 10, 2020, 4:09 PM IST
Highlights

ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ നയം നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്‍റെ പണം ഉപയോഗിച്ച മതപഠനം അനുവദിക്കില്ലെന്ന് ഹിമാന്ത ബിശ്വാസ് ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മദ്രസകളേയും സംസ്കൃത സ്കൂളുകളേയും സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും മന്ത്രി വിശദമാക്കുന്നു.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നവംബറില്‍ പുറത്തിറങ്ങുമെന്നും മന്ത്രി

ഗുവാഹത്തി: സംസ്ഥാനത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളും സംസ്കൃത സ്കൂളുകളും അടയ്ക്കാനുള്ള തീരുമാനവുമായി അസം സര്‍ക്കാര്‍. പൊതുജനത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് മതപഠനം നടത്തുക സാധ്യമല്ലെന്ന് വിശദമാക്കിയാണ് തീരുമാനം. സംസ്ഥാന വിദ്യാഭ്യാസ, ധനകാര്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. 

ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ നയം നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്‍റെ പണം ഉപയോഗിച്ച മതപഠനം അനുവദിക്കില്ലെന്ന് ഹിമാന്ത ബിശ്വാസ് ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മദ്രസകളേയും സംസ്കൃത സ്കൂളുകളേയും സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും മന്ത്രി വിശദമാക്കുന്നു.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നവംബറില്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. 

ഇവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിച്ചിരുന്ന 48 അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്ക് മാറ്റുമെന്നും മന്ത്രി വിശദമാക്കി. 614 മദ്രസകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 57 എണ്ണം പെണ്‍കുട്ടികള്‍ക്കും 3എണ്ണം ആണ്‍കുട്ടികള്‍ക്കും മാത്രമായുള്ളവയാണ്. 554 മദ്രസകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നുണ്ട്. ആയിരത്തോളം സംസ്കൃത വിദ്യാലയങ്ങളില്‍ 100 എണ്ണമാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ളത്. അസം സര്‍ക്കാര്‍ 3മുതല്‍ 4 കോടി രൂപ വരെ മദ്രസകള്‍ക്കും ഒരു കോടി രൂപ സംസ്കൃത വിദ്യാലയങ്ങള്‍ക്കും വര്‍ഷം തോറും ചെലവിടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

2017ല്‍ ബിജെപി സര്‍ക്കാര്‍ തന്നെയാണ് മദ്രസ, സംസ്കൃത സ്കൂള്‍ ബോര്‍ഡുകള്‍ പിരിച്ച് വിട്ട് സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ ലയിപ്പിച്ചത്. ഈ സ്കൂളുകളാണ് ഇനി അടയ്ക്കേണ്ടി വരിക. മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാരണം കുട്ടികള്‍ക്ക ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടരുതെന്നതിനാലാണ് ഈ തീരുമാനമെന്നായിരുന്നു നയത്തേക്കുറിച്ച് മന്ത്രി നേരത്തെ പ്രതികരിച്ചത്. 

click me!