
ലഖ്നൗ: പ്രായപൂർത്തിയാകാത്ത മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 40 വയസുകാരനെ കസ്റ്റഡിയിലെടുത്തതായി യുപി പൊലീസ്. ബിചൗളയിൽ താമസിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സോനം (13) ആണ് മരിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. അനുപ്ഷഹർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാലത്തിനടിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. പാലത്തിനടിയിൽ പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നത് കണ്ടതായി പൊലീസിന് കോൾ ലഭിച്ചതാണെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൂടുതൽ അന്വേഷണത്തിൽ, പെൺകുട്ടി വ്യാഴാഴ്ച സ്കൂളിൽ പോയിരുന്നതായും സ്കൂൾ കഴിഞ്ഞ് കുട്ടിയുടെ അച്ഛൻ അജയ് ശർമ്മ അവളെ കൂട്ടിക്കൊണ്ടുപോയതായും പൊലീസ് കണ്ടെത്തി. അച്ഛനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. സ്കൂളിൽ നിന്ന് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ അച്ഛൻ അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി. ഒരു സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞതായും പ്രതി സമ്മതിച്ചു. പെൺകുട്ടിയുടെ സ്കൂൾ ബാഗ് ഇതേ വയലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പെൺകുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്നും ഇത് താനും ഭാര്യയും തമ്മിലും തർക്കത്തിന് കാരണമായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ കൊലക്ക് ശേഷം മകൾ ഒരു ബന്ധുവീട്ടിൽ താമസിക്കാൻ പോയതാണെന്നും അടുത്ത 3,4 ദിവസത്തേക്ക് സ്കൂളിൽ വരില്ലെന്നും പ്രതി സ്കൂളിൽ അറിയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam