
ദില്ലി: ചെന്നൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.പ്രധാനമന്ത്രിയെ കാണാനായി കുടുംബം ദില്ലിയിൽ എത്തി.എന്നാൽ കൂടിക്കാഴ്ച്ചക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. കൊല്ലം എം പി എം.കെ. പ്രേമചന്ദ്രനും കുടുംബത്തിനൊപ്പം പ്രധാനമന്ത്രിയെ കാണും.
അന്വേഷണത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കഴിഞ്ഞ മാസം ഒമ്പതിനാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്. അതെ സമയംഫാത്തിമ ലത്തീഫിന്‍റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥരീകരിച്ചിരുന്നു.
ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്ക്രീന്‍ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. ഈ സ്ക്രീന്‍ഷോട്ടും, മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
സുദര്‍ശന്‍ പത്മനാഭന്‍റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.എന്നാല്‍ മൊബൈല്‍ ഫോണിലുള്ള മറ്റ് കുറിപ്പുകളിലെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി.
ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam