ഫാത്തിമയുടെ മരണം: കുറ്റാരോപിതരായ അധ്യാപകരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

By Web TeamFirst Published Nov 22, 2019, 7:25 AM IST
Highlights

ഫാത്തിമയുടെ മൊബൈൽ ഫോണിന്‍റെ ഫോറൻസിക് റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷമേ തുടർനടപടിയുണ്ടാകൂ. വിദ്യാർത്ഥികള്‍ തുടരുകയാണ്.

ചെന്നൈ: ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. മദ്രാസ് ഐഐടി ഗസ്റ്റ് ഹൗസിലെത്തി രണ്ട് തവണ നേരത്തെ അധ്യാപകരെ ചോദ്യം ചെയ്തിരുന്നു. ഐഐടി അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഫാത്തിമയുടെ അടുത്ത സുഹൃത്തുക്കളായ ആറ് പേരുടെ മൊഴിയും അന്വേഷണം സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ഫാത്തിമയുടെ മൊബൈൽ ഫോണിന്‍റെ ഫോറൻസിക് റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷമേ തുടർനടപടിയുണ്ടാകൂ. കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിനെതിരെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ചെന്നൈയിൽ ഇന്ന് പ്രതിഷേധമുയരും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഡയറക്ടർ തള്ളിയിരുന്നു. തുടർസമര രീതികൾ ചർച്ച ചെയ്യാൻ മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മകൾ സംയുക്തമായി ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

അതേസമയം ഫാത്തിമയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും. ഐഐടിയിലെ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് എന്‍എസ്യു തമിഴ്നാട് ഘടകമാണ് കോടതിയെ സമീപിച്ചത്.

click me!