മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; രാത്രി വൈകിയും ശിവസേന-എന്‍സിപി ചര്‍ച്ച

By Web TeamFirst Published Nov 22, 2019, 12:25 AM IST
Highlights

വ്യാഴാഴ്ച രാത്രി വൈകിയും ശിവസേനയുടെ ഉദ്ദവ് താക്കറെ, സഞ്ജയ് റാവത്ത് എന്നിവര്‍ എന്‍സിപിയുടെ ശരദ് പവാറുമായി ചര്‍ച്ചകള്‍ തുടരുകയാണ്. മഹാരാഷ്ട്രയിൽ ശിവസേന - എൻസിപി - കോൺഗ്രസ് ത്രികക്ഷി സഖ്യ സർക്കാർ പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന

മുംബൈ: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷം ദിവങ്ങളോളം നീണ്ട നാടകങ്ങൾക്കൊടുവില്‍ മഹാരാഷ്ട്രയിൽ ശിവസേന - എൻസിപി - കോൺഗ്രസ് സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും ചര്‍ച്ചകള്‍ തുടരുന്നു. വ്യാഴാഴ്ച രാത്രി വൈകിയും ശിവസേനയുടെ ഉദ്ദവ് താക്കറെ, സഞ്ജയ് റാവത്ത് എന്നിവര്‍ എന്‍സിപിയുടെ ശരദ് പവാറുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

മഹാരാഷ്ട്രയിൽ ശിവസേന - എൻസിപി - കോൺഗ്രസ് ത്രികക്ഷി സഖ്യ സർക്കാർ പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. ദില്ലിയിൽ ചർച്ച പൂർത്തിയാക്കിയ കോൺഗ്രസ് എൻസിപി നേതാക്കൾ വെള്ളിയാഴ്ച ശിവസേനയുമായി മുംബൈയിൽ ചർച്ച നടത്തും. വരുന്ന ഒന്നാം തീയതിക്ക് മുമ്പ് സർക്കാർ നിലവിൽ വരുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചയായിരുന്നു വ്യാഴാഴ്ചയും ദില്ലിയില്‍ നടന്നത്. രാവിലെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി ശിവസേനക്ക് കൈകൊടുക്കാന്‍ തീരുമാനിച്ചു. തീവ്രനിലപാട് പിന്തുടരുന്ന ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും മോദി- പവാര്‍ കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നിലപാട് തിരുത്തുകയായിരുന്നു.

പ്രവർത്തക സമിതിക്ക് ശേഷം എന്‍സിപിയുമായി കോൺഗ്രസ് നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തി. ശരദ് പവാറിന്‍റെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ നടന്ന യോഗത്തിന് ശേഷമാണ് വെള്ളിയാഴ്ച ശിവസേനയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഈ ധാരണ വന്നതിന് ശേഷമാണ് ഇപ്പോള്‍ രാത്രി വൈകിയും ശിവസേന-എന്‍സിപി ചര്‍ച്ച വീണ്ടും തുടരുന്നത്.

മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നൽകാനും ഉപമുഖ്യമന്ത്രി പദങ്ങള്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും എന്ന നിലക്കാണ് ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത്. മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന ആവശ്യം എന്‍സിപി മുന്‍പോട്ട് വച്ചെങ്കിലും ശിവസേന അംഗീകരിച്ചിട്ടില്ല. മന്ത്രിസഭയില്‍ 16 അംഗങ്ങള്‍ ശിവസേനക്കും, 15 അംഗങ്ങള്‍ എന്‍സിപിക്കും 12 അംഗങ്ങള്‍ കോണ്‍ഗ്രസിനുമെന്നതില്‍ ധാരണയായെന്നും സൂചനയുണ്ട്.

click me!