ഇംഗ്ലീഷിലെ റിസല്‍ട്ടിനെ പേടിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ഫലം വന്നപ്പോള്‍...

By Web TeamFirst Published May 9, 2019, 9:51 AM IST
Highlights

ഇംഗ്ലീഷ് പേപ്പര്‍ എഴുതി വന്ന ദിവസം മുതല്‍ സമീക്ഷിത അസ്വസ്തതയിലായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 

നോയിഡ: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഫലത്തെ പേടിച്ച് ആത്മഹത്യ ചെയ്തു. ഫലം വന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം അരങ്ങേറിയത്. സമീക്ഷിത റൗട്ട് എന്ന 18കാരിയാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷ് പേപ്പറില്‍ തോല്‍ക്കും എന്ന ഭയത്തിലാണ് സിബിഎസ്ഇ ഫലങ്ങള്‍ വരുന്നതിന് രണ്ട് ദിവസം മുന്‍പ് സമീക്ഷിത ആത്മഹത്യ ചെയ്തത്. എന്നാല്‍ ഫലം വന്നപ്പോള്‍ ഈ കുട്ടിക്ക് 82 മാര്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്നു.

ഇംഗ്ലീഷ് പേപ്പര്‍ എഴുതി വന്ന ദിവസം മുതല്‍ സമീക്ഷിത അസ്വസ്തതയിലായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പിതാവായ ശരത്ത് റൗട്ട് ജോലിസ്ഥലത്തും, അമ്മ നിര്‍മ്മല ഒരു ബന്ധുവീട്ടിലും പോയ സമയത്താണ് സമീക്ഷിത സ്വയം കുരുക്കിട്ട് ജീവിതം അവസാനിപ്പിച്ചത്. ഉച്ചതിരിഞ്ഞ് 2 മണിയോട് അമ്മ നിര്‍മ്മല തിരിച്ച് എത്തിയപ്പോഴാണ് മകള്‍ ആത്മഹത്യ ചെയ്ത കാര്യം അറിയിയുന്നത്. ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ ശരത്തും നിര്‍മ്മലയും ചേര്‍ന്ന് നോയിഡ സെക്ടര്‍ 30ലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. 

തിങ്കളാഴ്ച സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത് എത്തിയതോടെ സമീക്ഷ പഠിച്ച സ്കൂളിലെ അദ്ധ്യാപകര്‍ കുട്ടിയുടെ ഫലം പരിശോധിച്ചു. അപ്പോഴാണ് അവര്‍ ഞെട്ടിയത്. ഒന്നും എഴുതിയില്ലെന്ന് പറഞ്ഞ് സമീക്ഷിതയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഇംഗ്ലീഷ് പേപ്പറില്‍ കുട്ടിക്ക് 82 മാര്‍ക്ക്. സമീക്ഷയുടെ ഫലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പേപ്പറും ഇംഗ്ലീഷാണ്.

നോയിഡ സെക്ടര്‍ 63ലെ ന്യൂ സൈനിക് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സമീക്ഷ. ഫാഷന്‍ ഡിസൈനര്‍ ആകണം എന്നാണ് എപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചത്. സ്കൂളിലെ വിവിധ മത്സരങ്ങളില്‍ ഈ കുട്ടി ട്രോഫികള്‍ നേടിയിട്ടുണ്ട്.
 

click me!