Latest Videos

'ഉജ്ജ്വല പദ്ധതി'യിലെ ആദ്യ ഉപയോക്താവ് ഇപ്പോഴും പാചകം ചെയ്യുന്നത് ചാണക വറളി ഉപയോഗിച്ച്

By Web TeamFirst Published May 9, 2019, 9:23 AM IST
Highlights

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബിബിസിയോട് അവസ്ഥകള്‍ വിവരിക്കുകയാണ് ഗുഡ്ഡി ദേവി. പന്ത്രണ്ട് സബ്സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്കു ഒരു വര്‍ഷം ലഭിക്കുക. 

ദില്ലി:  ഗ്രാമീണ മേഖലയില്‍ പാചകവാതകം എത്തിക്കാന്‍ 2016 ല്‍ കേന്ദ്രം നടപ്പിലാക്കിയ ഉജ്ജ്വല പദ്ധതിയിലെ ആദ്യ ഉപയോക്താവ് ഇപ്പോഴും പാചകം നടത്തുന്ന ചാണക വറളി ഉപയോഗിച്ച്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുക എന്നതായിരുന്നു ഉജ്ജ്വല പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ പരസ്യ പോസ്റ്ററുകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് പദ്ധതിയുടെ ആദ്യ ഉപയോക്താവായ ഗുഡ്ഡി ദേവി. ഇവര്‍ക്ക് നരേന്ദ്ര മോദി സിലണ്ടര്‍ കൈമാറുന്ന ചിത്രമാണ് കേന്ദ്രം പരസ്യത്തിനായി ഉപയോഗിച്ചത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബിബിസിയോട് അവസ്ഥകള്‍ വിവരിക്കുകയാണ് ഗുഡ്ഡി ദേവി. പന്ത്രണ്ട് സബ്സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്കു ഒരു വര്‍ഷം ലഭിക്കുക. എന്നാല്‍ മൂന്നുവര്‍ഷം എടുത്താല്‍ പോലും തനിക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് ഗുഡ്ഡി പറയുന്നത്. 

പാചകവാതകം സ്ഥിരം പാചകത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. ചാണകവരളിയാണ് പാചകത്തിനുപയോഗിക്കുന്നത് എന്ന് ഗുഡ്ഡി പറയുന്നു.
കടുത്ത ദാരിദ്ര്യത്തിലായ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് താങ്ങായിട്ടാണ് പദ്ധതി എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും എന്താണ് ഗ്യാസിന്റെ വിലയെന്നാണ് ഇവര്‍ തിരിച്ചു ചോദിക്കുന്നത്. ആദ്യത്തെ കണക്ഷന്‍ കിട്ടുമ്പോള്‍ വില 520 രൂപയായിരുന്നു, എന്നാല്‍ അത് ഇപ്പോള്‍ 770 രൂപയാണ്. 770 രൂപ സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്നാണ് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല പദ്ധതിയിലെ അംഗങ്ങള്‍ പറയുന്നത്. 

ഉജ്ജ്വല പദ്ധതിയില്‍ ഉള്ള 30 ശതമാനം ഉപയോക്താക്കള്‍ മാത്രമേ വീണ്ടും സിലിണ്ടര്‍ നിറക്കാനായി ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുള്ളു എന്ന് ഏജന്‍സി ഉടമകളും പറയുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

click me!