
ഭുവനേശ്വർ: ഭാര്യയുടെ സമ്മതത്തോടെ യുവാവ് ട്രാൻസ് യുവതിയെ വിവാഹം ചെയ്തു. ഒഡീഷയിലെ കാലഹണ്ഡിയിലാണ് വിവാഹിതനായ യുവാവ് ട്രാൻസ് യുവതിയുമായി പ്രണയത്തിലായതും ഭാര്യയുടെ അനുവാദത്തോടെ പ്രണയിനിയെ ജീവിതത്തിലേക്ക് കൂട്ടിയതും. വിവാഹത്തിന് സമ്മതിച്ചെന്ന് മാത്രമല്ല അവരെ സ്വന്തം വീട്ടിൽ താമസിപ്പിക്കാനും ഭാര്യ തയ്യാറായി.
റായഗഡ ജില്ലയിലെ അമ്പാഡോലയിൽ വച്ചാണ് യുവാവ് കഴിഞ്ഞ വർഷം ഈ ട്രാൻസ് യുവതിയെ പരിചയപ്പെട്ടത്. തെരുവുകളിൽ ഭിക്ഷ യാചിച്ചു നടക്കുകയായിരുന്ന അവരെ കണ്ടപ്പോൾ തന്നെ യുവാവിന് ഇഷ്ടമായി. പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങുകയും ക്രമേണ അവരുമായി പ്രണയത്തിലാവുകയും ചെയ്തു. ഒരു മാസം മുമ്പാണ് ഭാര്യ ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം കേൾക്കാനിടയായത്. ചോദ്യം ചെയ്തപ്പോൾ യുവാവ് എല്ലാ കാര്യവും ഭാര്യയോട് വെളിപ്പെടുത്തി. ബന്ദം ആഴത്തിലുള്ളതാണെന്നും യുവാവ് വ്യക്തമാക്കി. അങ്ങനെയാണ് ആ ട്രാൻസ്
യുവതിയെ ജീവിതത്തിന്റെ ഭാഗമാക്കാൻ തയ്യാറാണെന്ന് ഭാര്യ യുവാവിനെ അറിയിച്ചത്. ഭാര്യ സമ്മതിച്ചതോടെ യുവാവ് ആ ട്രാൻസ്യുവതിയെ വിവാഹം ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികളുടെയും ട്രാന്സ്ജെൻഡർ സമൂഹത്തിൽ നിന്നുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തിൽ വച്ചുള്ള വിവാഹം.
എന്നാൽ, ഇത്തരമൊരു വിവാഹം നിയമാനുസൃതമല്ലെന്ന് നിയമവിഗദ്ധർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം ഒന്നിലധികം വിവാഹം നിയമവിധേയമല്ല. നിയമപ്രകാരം ആദ്യഭാര്യയുമായുള്ള വിവാഹം മാത്രമാണ് ഔദ്യോഗിക രേഖകളിലുണ്ടാവുക എന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞയുടൻ തന്നെ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും അവർക്കിതിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്ന് അറിയിച്ചതായും ട്രാൻസ്ജെൻഡർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വിവാഹക്കാര്യത്തിൽ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ നിയമനടപടി സ്വീകരിക്കാനാവൂ എന്ന് പൊലീസും വ്യക്തമാക്കുന്നു.
Read Also: കോൺഗ്രസ് 'ഉറക്കമുണർന്ന ആന'യെന്ന് ജയറാം രമേശ്; ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഉന്നം വെക്കുന്നതെന്ത്?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam