ബംഗാളിൽ ബിജെപി മാർച്ചില്‍ വൻ സംഘർഷം, നിരവധിപ്പേ‍ര്‍ക്ക് പരിക്ക്; നേതാക്കൾ അറസ്റ്റിൽ; പൊലീസ് വാഹനം കത്തിച്ചു

By Web TeamFirst Published Sep 13, 2022, 5:11 PM IST
Highlights

ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

കൊൽക്കത്ത : പശ്ചിമബംഗാളില്‍ ബിജെപി സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാർച്ചില്‍ വ്യാപക സംഘർഷം. കൊല്‍ക്കത്ത നഗരത്തില്‍നിന്നും തുടങ്ങിയ മാർച്ചില്‍ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

മാർച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്‍ക്കത്തയിലേക്ക് വരുന്ന പ്രവർത്തകരെപോലും ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെന്നും, മമത ആരെയാണ് പേടിക്കുന്നതെന്നും ബിജെപി നേതാക്കൾ ചോദിച്ചു.  പൊലീസിനെതിരെ കല്ലെറിയുന്നത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി കുറ്റപ്പെടുത്തി. 

അഴിമതി കേസില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മമത ബാനർജി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നബ്ബന ചലോ എന്ന പേരില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചില്‍ പങ്കെടുത്തു. അഴിമതി കേസില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിജെപി നബ്ബന ചലോ എന്ന പേരില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. 

ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളേയും അനുഭാവികളേയും കൊണ്ടുവരാൻ ബിജെപി ഏഴ് ട്രെയിനുകളാണ് വാടകക്കെടുത്തത്. ബിജെപി പ്രവർത്തകരെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ തൃണമൂൽ ഭരണകൂടം ശ്രമിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ട്രെയിനുകൾ വാടകയ്‌ക്കെടുക്കുന്നതിന് ബിജെപി 2.84 കോടി രൂപ ചെലവാക്കിയെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു. ട്രെയിനിൽ ബിജെപിക്ക് അയ്യായിരത്തിലധികം ആളുകളെ കൊണ്ടുവരാനാകില്ലെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളിൽ നിന്നാണ് ബിജെപി പണം വാങ്ങുന്നതെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. 

 

tags
click me!