Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് 'ഉറക്കമുണർന്ന ആന'യെന്ന് ജയറാം രമേശ്; ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഉന്നം വെക്കുന്നതെന്ത്?

കോൺ​ഗ്രസിനെ ഉറക്കമുണർന്ന ആന എന്നാണ് മുതിർന്ന നേതാവ് ജയറാം രമേശ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. പ്രതിപക്ഷഐക്യത്തിന്റെ നെടുംതൂണെന്നും അദ്ദേഹം പാർട്ടിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്, ബിജെപി വിരുദ്ധരായ പ്രാദേശിക പാർട്ടികൾക്ക്  വ്യക്തമായ സൂചനകൾ നൽകുന്നതാണ് ജയറാം രമേശിന്റെ പ്രസ്താവന. 

jairam ramesh statement about bharath jodo yathra and congress future
Author
First Published Sep 13, 2022, 5:07 PM IST

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടരുകയാണ്. കോൺ​ഗ്രസിനെ ഉറക്കമുണർന്ന ആന എന്നാണ് മുതിർന്ന നേതാവ് ജയറാം രമേശ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. പ്രതിപക്ഷഐക്യത്തിന്റെ നെടുംതൂണെന്നും അദ്ദേഹം പാർട്ടിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്, ബിജെപി വിരുദ്ധരായ പ്രാദേശിക പാർട്ടികൾക്ക്  വ്യക്തമായ സൂചനകൾ നൽകുന്നതാണ് ജയറാം രമേശിന്റെ പ്രസ്താവന. 

ആരെയാണ് ജയറാം രമേശ് ഉന്നം വെക്കുന്നത്?

ആരുടെ‌യും പേരെടുത്ത് പറഞ്ഞായിരുന്നില്ല ജയറാം രമേശിന്റെ പ്രസ്താവന. എന്നാൽ, ചില പ്രാദേശിക പാർട്ടികൾ കോൺ​ഗ്രസിന്റെ നേതൃപാടവത്തെ സംശയിച്ചതിന് പിന്നാലെയാണ് ആ പ്രസ്താവന വന്നതെന്ന് മറന്നുകൂടാ. കോൺ​ഗ്രസിന് പിന്നിൽ അണിനിരക്കുന്നതിൽ അമാന്തമുണ്ടെന്ന് സൂചിപ്പിച്ചത് ആർജെഡി നേതാവ് തേജസ്വി യാദവാണ്. ചില മേഖലകളിലെങ്കിലും കോൺ​ഗ്രസിന്റെ കഴിവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ബിജെപിയുമായി നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നിടങ്ങളിൽ കോൺ​ഗ്രസ് കാര്യങ്ങൾ നിയന്ത്രിച്ചോട്ടെ, എന്നാൽ, ബിഹാർ പോലെ പ്രാദേശിക പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ നിയന്ത്രണവും നേതൃത്വവും തങ്ങൾക്ക് വേണം. ഇങ്ങനെയാണ് കഴിഞ്ഞ ദിവസം തേജസ്വി ‌യാദവ് പറഞ്ഞത്. 

ഇതിനു പിന്നാലെയാണ് ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ നയം വ്യക്തമാക്കിയത്. പ്രതിപക്ഷഐക്യം എന്നാൽ കോൺ​ഗ്രസിനെ ദുർബലപ്പെടുത്തുന്നതല്ല. സഖ്യകക്ഷികളും അത് മനസിലാക്കണം.  ദുർബലരാവാൻ സ്വയമേവ ഞങ്ങൾ തയ്യാറുമല്ല. ഭാരത് ജോഡോ യാത്രയോടെ കോൺ​ഗ്രസ് എന്ന ആന ഉണർന്നെണീറ്റതാ‌യി എല്ലാവരും കണ്ടതിൽ സന്തോഷമുണ്ട്. ആ ആന മുന്നോട്ടുനീങ്ങുകയാണ്. എന്താണ് കോൺ​ഗ്രസ് ചെയ്യുന്നതെന്ന് എല്ലാവരും കാണുകയാണ്.  ശക്തമായ കോൺ​ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനപ്പെ‌ട്ട നെടുംതൂണാണ്. ജ‌യറാം രമേശ് പറഞ്ഞു. 

ഭാരത് ജോഡോ യാത്ര പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ളതല്ല, അത് കോൺ​ഗ്രസിനെ ശക്തിപ്പെടുത്താനാണ്. യാത്ര പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യത്തിലേക്കെത്തുമെങ്കിൽ അതിൽ തങ്ങൾ സന്തുഷ്ടരാണ്. തങ്ങളതിനെ സ്വാ​ഗതം ചെയ്യുന്നു. എന്നാൽ, കോൺ​ഗ്രസ് മുൻതൂക്കം നൽകുന്നത് സ്വയംശാക്തീകരണത്തിനാണെന്നും ജയറാം രമേശ് പറഞ്ഞു. 

Read Also: ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് സുധാകരൻ, എതിർക്കില്ലെന്ന് ​എംവി ​ഗോവിന്ദൻ

തേജസ്വിയുടെ വാക്കും ദിശാസൂചകവും
 
തേജസ്വി യാദവിന്റെ അഭിപ്രായം ഒരു ചൂണ്ടുപലകയാണ്. ആർജെഡിക്കും അതുപോലെയുള്ള മറ്റ് പാർട്ടികൾക്കും പുതിയ പുതിയ മുൻ​ഗണനകളുണ്ടെന്ന ദിശാസൂചകമാണത്. ജെഡിയുവിന്റെ നിതീഷ് കുമാറിന്റെ കാര്യവും മറന്നുകൂടാ. പ്രധാനമന്ത്രി നരേന്ദ്രമോദിയോ‌ടൊത്ത എതിരാളിയായാണ് പലരും നിതീഷ് കുമാറിനെ വിലയിരുത്തുന്നത്. നൊടിയിടയിൽ  ബിജെപിയെ ഉപേക്ഷിച്ച് പുതിയ സഖ്യമുണ്ടാക്കി അധികാരം നിലനിർത്തിയ  ശൈലിയും നിതീഷിനെ മികച്ച നേതാവെന്ന സാധ്യതയിലേക്ക് ഉയർത്തുന്നതാണ്. മമതാ ബാനർജിയാണ് പ്രതിപക്ഷ നേതൃത്വത്തിലേക്ക് സാധ്യത കല്പിക്കപ്പെടുന്ന മറ്റൊരു നേതാവ്. മൂന്നാം വട്ടവും ബിജെപിയെ ബം​ഗാളിൽ മുട്ടുകുത്തിച്ച ദീദി ചെറുതല്ലാത്ത ശക്തി തന്നെയാണ്. കോൺ​ഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയും തൃണമൂൽ കോൺ​ഗ്രസാണ്. 

കോൺ​ഗ്രസിപ്പോഴും നേതൃസ്ഥാനത്തിൽ രാഹുൽ തന്നെയോ  എന്നതിൽ ധാരണയിലെത്തിയിട്ടില്ല . അടുത്തി‌ടെ കോൺ​ഗ്രസ് വിട്ട മുതിർന്ന നേതാക്കളിൽ പലരും പറയുന്നത് രാഹുലിന് നേതൃപാടവമില്ല എന്നാണ്.  നേതൃത്വത്തിലേക്ക് വരാൻ രാഹുലൊട്ട് മനസ്സുകാണിക്കുന്നുമില്ല. എന്നി‌ട്ടും അദ്ദേഹമാണ് ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ആനയുടെ ഉണർന്നെണീക്കലെന്ന് പാർട്ടി തന്നെ വിശേഷിപ്പിക്കുന്ന അതേ ‌‌യാത്ര!

Read Also: സാനിയുമ്മ കാത്തിരുന്നു, അടുത്തെത്തിയപ്പോള്‍ ഓടിച്ചെന്നു; ചേര്‍ത്തുപിടിച്ച് വെള്ളം നല്‍കി രാഹുൽ


 

Follow Us:
Download App:
  • android
  • ios