
ബെംഗളൂരു: രാജ്യത്ത് നിയമ വിരുദ്ധമായ സ്ത്രീ ലിംഗനിർണ്ണയ, ഭ്രൂണഹത്യ റാക്കറ്റിനെ പിടികൂടി കർണാടക ആരോഗ്യ വകുപ്പും പൊലീസും. മൈസൂരുവിലെ ബന്നൂരിനടുത്തുള്ള ഹനുഗനഹള്ളിയിൽ നിന്നാണ് സംഘം പിടിയിലായത്. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിവേക്, മാണ്ഡ്യ ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) മോഹൻ, മൈസൂരു ഡിഎച്ച്ഒ ഡോ. പിസി കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഭ്രൂണഹത്യ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ റെയ്ഡ് നടത്തിയത്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലക്ഷ്യം വച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
അനധികൃതമായ ഈ സ്കാനുകൾക്ക് 25,000 മുതൽ 30,000 വരെ ഈടാക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞാൽ ഗർഭഛിദ്രം വരെ രഹസ്യമായി നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച നിരവധി മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ സംഘം പിടിച്ചെടുത്തു. റെയ്ഡ് ചെയ്യുന്ന സമയത്ത് സ്കാനിംഗിനായി രണ്ട് ഗർഭിണികൾ എത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ബന്നൂരിലെ എസ്‌കെ ആശുപത്രിയിലെ ഒരു നഴ്‌സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷനിൽ ഉൾപ്പെട്ട 5 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികയാണെന്നും അന്വേഷണത്തിന് ശേഷം പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഡിഎച്ച്ഒ ഡോ. കുമാരസ്വാമി പറഞ്ഞു.