
ഛണ്ഡീഗഡ്: ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 19കാരൻ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനക് സബ് ഡിവിഷനിലെ ധർമ്മബാദ് ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ ഗുർനാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തിൽപെട്ടത്. സ്ഫോടനത്തിൽ 19 വയസ്സുള്ള മൻപ്രീത് കൊല്ലപ്പെട്ടു. സഹോദരൻ ലവ്പ്രീത് സിംഗ് അപകടത്തിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കുടുംബാംഗങ്ങളായ ആറ് പേർ ചേർന്നാണ് ദീപാവലി ആഘോഷിക്കാനുള്ള പടക്കം നിർമിക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു, മറ്റൊരാൾക്ക് രണ്ട് കൈകൾക്കും പരിക്കേറ്റു, മറ്റൊരാൾക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
ദരിദ്ര കുടുംബമാണ് ഇവരുടേതെന്നും പടക്കം വാങ്ങാൻ പണമില്ലാത്തതിനാലാണ് കുടുംബാംഗങ്ങൾ ഇത് വീട്ടിൽ തന്നെ നിർമിക്കാൻ ശ്രമിച്ചതെന്നും ദേരാ ബാബ നാനാക്ക് പൊലീസ് എസ്എച്ച്ഒ അശോക് കുമാർ ശർമ്മ പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam