ക്രിക്കറ്റിനെ ചൊല്ലി തര്‍ക്കം,കയ്യാങ്കളി;ഒരു കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം

By Web TeamFirst Published Mar 23, 2019, 12:47 PM IST
Highlights

മുസ്ലീം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട അക്രമം എന്ന നിലയില്‍ പ്രചാരണം ശക്തമായിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഗുരുഗ്രാം: ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ വീടിന് നേരെ അക്രമിസംഘം കല്ലെറിയുകയും വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭൂപ്നഗര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. കുടുംബാംഗങ്ങളില്‍ ചിലര്‍ അവിടെയുള്ള പൊതുമൈതാനത്ത് ക്രിക്കറ്റ് കളിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പുറത്തുനിന്നെത്തിയ രണ്ട് പേര്‍ തങ്ങളെക്കൂടി കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഇത് നിഷേധിച്ചതോടെ ഉന്തും തള്ളുമായി. വന്നവരില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ മടങ്ങിപ്പോയി കൂടുതല്‍ ആള്‍ക്കാരുമായി എത്തി അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍,മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിരട്ടിയോടിച്ച ശേഷം  അവരുടെ കുടുംബത്തിന് നേരെ ചില ഗ്രാമീണര്‍ അക്രമം നടത്തുകയായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഹോക്കിസ്റ്റിക്കുകളും ഇരുന്പ് വടികളും ഉപയോഗിച്ചാണ് നാല്പതംഗ സംഘം അക്രമം നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തങ്ങളെ അക്രമിച്ചവരെ അറിയില്ലെന്ന് പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്കി. മുസ്ലീം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട അക്രമം എന്ന നിലയില്‍ പ്രചാരണം ശക്തമായിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. 

click me!