കേന്ദ്ര ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ

By Web TeamFirst Published Sep 14, 2019, 6:32 AM IST
Highlights

ദില്ലിയിലെ നാഷണൽ മീഡിയ സെന്ററിൽ രണ്ടരയ്ക്കാണ് വാർത്താസമ്മേളനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക ഉത്തേജന നടപടികൾ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈൽ, കയറ്റുമതി മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കുമെന്നാണ് റിപ്പോ‌ർട്ട്. 

ഇന്ന് പ്രഖ്യാപിപ്പിക്കാൻ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സംതൃപ്തരാണെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷവും കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തൽ പുറത്തുവന്നു. ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ദുര്‍ബലമായതാണ് ഇതിന് കാരണം. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാൽ അതിലേക്ക് എത്തുക പ്രയാസമായിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തൽ.

click me!