
ഗാസിപൂരില്‍ കര്‍ഷക സമരവേദിക്കരികെ റോഡപകടത്തില്‍ മരിച്ച കര്‍ഷകന്‍റെ കുടുംബത്തിനെതിരെ കേസ്. ദേശീയ പതാകയെ അപമാനിച്ചതിനാണ് കര്‍ഷകന്‍റെ അമ്മയ്ക്കും സഹോദരനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.മരിച്ച കര്‍ഷകന്‍റെ മൃതദേഹം ദേശീയ പതാകയുപയോഗിച്ച പൊതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. കര്‍ഷകന്‍റെ സംസ്കാരരദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
ദേശീയ പതാക സംബന്ധിച്ച് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധാരണക്കാരന്‍റെ മൃതദേഹം പതാകകൊണ്ട് പൊതിയുന്നത് കുറ്റകരമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഏറെ നാളുകളായി നടക്കുന്ന സമത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു യുവാവിന്‍റെ അപകടമരണം. ഷെഹ്റാമാവ് മേഖലയിലെ ബാരി ബുജിയ എന്നയിടത്ത് നിന്നുള്ള ബല്‍ജിന്ദ്ര എന്ന യുവാവിന്‍റെ കുടുംബത്തിനെതിരെയാണ് കേസ്.
കര്‍ഷക സമരം നടക്കുന്ന ഗാസിപൂരിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയ ബല്‍ജിന്ദ്ര ജനുവരി 25ന് റോഡപകടത്തിലാണ് മരിച്ചത്. ആളെ തിരിച്ചറിയാത്തതിനാല്‍ ബല്‍ജിന്ദ്രയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 2ാം തിയതിയാണ് യുവാവിന് സംഭവിച്ച അപകടത്തേക്കുറിച്ച് ബന്ധുക്കള്‍ അറിയുന്നത്. ഇതിന് പിന്നാലെയാണ് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയത്.
വ്യാഴാഴ്ച സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് യുവാവിന്‍റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയില്‍ സംഭവം എത്തുന്നത്. ബല്‍ജിന്ദ്രയുടെ അമ്മ ജസ്വീര്‍ കൌര്‍, സഹോദരന്‍ ഗുരുവിന്ദര്‍, മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam