
ശിവമോഗ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്‍റെ പേരില്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെ വി പ്രവീണ്‍ എന്ന അഭിഭാഷകനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു പരാതി. മെയ് 11നാണ് പരാതിക്ക് ആസ്പദമായ ട്വീറ്റ് കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നത്. പിഎം കെയേഴ്സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്.
ഈ ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. നേരത്തെ, ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാനായി ബസുകള്‍ എത്തിച്ചതിനാണ് കേസ്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉത്തര്‍ പ്രദേശ് സര്‍ക്കാരും തമ്മില്‍ കത്തുകളിലൂടെയുള്ള പോരാട്ടത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ 100 ബസുകള്‍ ചൊവ്വാഴ്ച രാത്രി നോയിഡയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. ഈ ബസുകള്‍ ഇന്ന് രാവിലെ ഉത്തര്‍പ്രദേശ് പൊലീസ് തടയുകയും 20ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് പങ്കജ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam