മത സ്പര്‍ദ്ധ: കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബാന്ദ്ര പൊലീസ്

By Web TeamFirst Published Oct 18, 2020, 9:46 AM IST
Highlights

കങ്കണ നടത്തിയ അഭിമുഖങ്ങള്‍, ട്വീറ്റുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് കങ്കണ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് കോടതി കണ്ടെത്തിയതും അന്വേഷണത്തിന് ഉത്തരവിട്ടതും.
 

മുംബൈ:  മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്രയിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമായ മുനവ്വര്‍ അലി സയിദ് ആണ് കോടതിയില്‍ കങ്കണയ്‌ക്കെതിരെ പരാതി നല്‍കിയത്. സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ കങ്കണ ശ്രമം നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. 

കങ്കണ നടത്തിയ അഭിമുഖങ്ങള്‍, ട്വീറ്റുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് കങ്കണ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് കോടതി കണ്ടെത്തിയതും അന്വേഷണത്തിന് ഉത്തരവിട്ടതും. പരാതിയില്‍ വിദഗ്ധര്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജയദ്യോ വൈ ഗുലെ ഉത്തരവിട്ടത്. കോടതിയുടെ ഉത്തരവ് പ്രകാരം ബാന്ദ്ര പൊലീസ് കങ്കണയ്ക്കും സഹോദരി രംഗോലിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെയും മുംബൈ പൊലീസിനെതിരെയും കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബോളിവുഡില്‍ സ്വജ്ജനപക്ഷപാതം തുടരുന്നുവെന്ന് ആരോപിച്ച കങ്കണ ചിലര്‍ക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയും തമ്മിലും വാക്ക് പോര് നടന്നു. 


 

click me!