ദില്ലിയിലെ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

By Web TeamFirst Published Jan 2, 2020, 5:00 PM IST
Highlights

കെട്ടിടത്തിന് ഉള്ളിൽ നിന്നും പുറത്തെടുത്ത ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.

ദില്ലി: ദില്ലി പിരാ ഗർഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ അമിത് ബല്യാണ്‍ ആണ് മരിച്ചത്. കെട്ടിടത്തിന് ഉള്ളിൽ നിന്നും പുറത്തെടുത്ത ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 

പരിക്കേറ്റവരില്‍ പതിമൂന്ന് പേരും രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ, ഫാക്ടറിയുടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കും തീ പടര്‍ന്നു. ഫാക്ടറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു.

അപകടത്തില്‍ ഫാക്ടറിയിലെ ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന്‍ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അമിത് ബല്യാണിന്‍റെ മരണത്തിൽ ലഫ്റ്റനണ്ട് ഗവർണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചനം രേഖപ്പെടുത്തി. 

click me!