കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിൽ കഴിയുന്നതിനിടെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

Published : Sep 29, 2025, 10:04 PM IST
karur tragedy arrest

Synopsis

കരൂർ ദുരന്തത്തിൽ അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. 

അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമർ പ്രസാദ് ഉപദേശിക്കുന്നുണ്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വിജയ്‍യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. ടിവികെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.

ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ്‌

കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയിൽ ഹർജി നൽകി. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവങ്മൂലത്തിൽ ആരോപിക്കുന്നു. അതേസമയം, ടിവികെ അധ്യക്ഷൻ വിജയുടെ കരൂർ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് ഇന്ന് രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകൾ അക്കമിട്ടാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എഡിഎസ്പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും ആൾക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദർശിച്ചു. പതിനൊന്നരയയോടെ കരൂരിൽ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദർശിച്ചു. പിന്നീട് പരിക്ക് പറ്റിയവർ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങൾ തിരക്കി. ചികിത്സയിൽ ഉള്ളവരെ സന്ദർശിച്ചു. എന്നാൽ, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

എഫ്ഐആറിൽ വിജയ്‍ക്കെതിരെ ഗുരുതര പരാമര്‍ശം

കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ