
സുല്‍ത്താന്‍ബത്തേരി: മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബത്തേരി പഴേരി കുപ്പാടി പോണയേരി വീട്ടില്‍ അനസ് (38) നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പഴേരി മംഗലത്ത് വില്യംസ് (50) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 25ന് രാത്രി അനസും വില്യംസും തമ്മില്‍ പഴേരിയില്‍ വെച്ച് രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാകുകയും ഇതിനൊടുവില്‍ അനസ് വില്യംസിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അവശനായ വില്യംസിനെ നാട്ടുകാരടക്കമുള്ളവര്‍ ചേർന്ന് ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സ തുടരവെ വില്യംസ് മരണപ്പെടുകയായിരുന്നു.
വില്യംസിനെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കാല്‍ ഉപയോഗിച്ച് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. വയറിനും നെഞ്ചിനുമേറ്റ സാരമായ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പ്രതി അനസ് മുമ്പും നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. ബത്തേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി രാഘവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.