സെർവിക്കൽ കാൻസർ: പ്രതിരോധ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ, പാർശ്വഫലങ്ങളില്ലാത്ത വാക്സീനെന്നും അവകാശം

Published : Sep 01, 2022, 03:49 PM ISTUpdated : Sep 01, 2022, 04:24 PM IST
സെർവിക്കൽ കാൻസർ: പ്രതിരോധ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ, പാർശ്വഫലങ്ങളില്ലാത്ത വാക്സീനെന്നും അവകാശം

Synopsis

വാക്സീൻ പുറത്തിറക്കിയത് സിറം ഇൻസ്റ്റിറ്റ‍്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്ന്; മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തുമെന്ന് പുനെവാല  

ദില്ലി: സെർവിക്കൽ കാൻസറിനെ (ഗർഭാശയ ഗള കാൻസർ) പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തും. 200 രൂപ മുതൽ 400 രൂപ വരെയായിരിക്കും വാക്സീന്റെ വിലയെന്നും പുനെവാല വ്യക്തമാക്കി. 

90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്സീൻ എന്നാണ് സിറം ഇൻസ്റ്റിറ്റ‍്യൂട്ടിന്റെ അവകാശവാദം. 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സീൻ നൽകുക. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്സീൻ നൽകേണ്ടി വരും. ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്സീൻ നൽകേണ്ടി വരുമെന്ന് അദർ പുനെവാല വ്യക്തമാക്കി. വാക്സീനിൽ വെറസിന്റെ ഡിഎൻഎയെ ജീവനുള്ള മറ്റ് ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളെ കുറിച്ച് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. 

സെർവിക്കൽ ക്യാൻസര്‍ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ  (quadrivalent Human Papilloma Virus - qHPV) പ്രതിരോധിക്കുന്നതാണ് ഈ വാക്സീൻ. രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് നാഴികക്കല്ലാകും ഈ വാക്സീന്റെ വരവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് സെർവിക്കൽ കാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് രോഗകാരി. 50 കഴിഞ്ഞ സ്ത്രീകളിലാണ് രോഗബാധ കൂടുതൽ കണ്ടുവരുന്നത്. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പ്രതിരോധിക്കാൻ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെർവിക്കൽ കാൻസറിനെ അപകടകാരിയാക്കുന്നത്. 

സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം...

1. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം
2. ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത്.
3. സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജ്
4. ലൈംഗിക ബന്ധത്തിനിടെ വേദന
5. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം
6. പെൽവിക് ഭാഗത്തെ വേദന

സെർവിക്കൽ കാൻസർ കൂടുതലായി കണ്ടുവരുന്നത് ഇവരിൽ...

1.18 വയസ്സിനു മുൻപ് ലൈംഗികബന്ധത്തിലേർപ്പെടുന്ന പെൺകുട്ടികൾ- ഇവരുടെ പ്രത്യുല്പാദന അവയവങ്ങൾ പൂർണ്ണ വളർച്ച എത്താത്തതിനാൽ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങൾ തീവ്രമായിരിക്കും.
2. ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ.
3. പ്രതിരോധ ശേഷി കുറഞ്ഞവർ, എച്ച്.ഐ.വി. അണുബാധയുള്ളവർ.

PREV
Read more Articles on
click me!

Recommended Stories

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി
പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു