വരണ്ടുണങ്ങിയ ചെന്നൈക്ക് കുടിവെള്ളവുമായി ആദ്യ ട്രെയിനെത്തി

By Web TeamFirst Published Jul 12, 2019, 4:09 PM IST
Highlights

50000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന 50 വാഗണുകളിലായാണ് കുടിവെള്ളം എത്തിക്കുന്നത്. ഓരോ യാത്രയിലും 25 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കും. 

ചെന്നൈ: വരണ്ടുണങ്ങിയ ചെന്നൈ നഗരത്തിന്‍റെ ദാഹമകറ്റാന്‍ കുടിവെള്ളവുമായി ആദ്യ ട്രെയിന്‍ എത്തി. വെള്ളൂര്‍ ജില്ലയിലെ ജൊളാര്‍പേട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.20നാണ് വെള്ളവുമായി ട്രെയിന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടത്. കടുത്ത വരള്‍ച്ച നേരിടുന്ന ചെന്നൈയ്ക്ക് ട്രെയിനിലെത്തുന്ന വെള്ളം ആശ്വാസമാകും.

'ചെന്നൈക്കുള്ള കുടിവെള്ളം' എന്ന പോസ്റ്റര്‍ പതിച്ച ട്രെയിന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ജോളാര്‍പേട്ടില്‍ നിന്ന് നാല് മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയോടെ ട്രെയിന്‍ ചെന്നൈയിലെത്തി. 

50000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന 50 വാഗണുകളിലായാണ് കുടിവെള്ളം എത്തിക്കുന്നത്. ഓരോ യാത്രയിലും 25 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കും. ദിവസം നാല് തവണയാണ് വെള്ളവുമായി ട്രെയിന്‍ ചെന്നൈയിലെത്തുക. 8,40,000 രൂപയാണ് ഓരോ യാത്രയിലും തമിഴ്നാട് സര്‍ക്കാരിന് ചെലവ്. 

ചെന്നൈക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് 65 കോടി രൂപ മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ മൂന്ന് ദിവസം വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചെന്നൈ നഗരത്തിലേക്ക് ട്രെയിനില്‍ കുടിവെള്ളമെത്തിക്കേണ്ടി വരുന്നത്. 

click me!