
ദില്ലി: ആരോഗ്യസംരക്ഷണ പദ്ധതിയായ ഫിറ്റ് ഇന്ത്യയുടെ ഒന്നാം വാര്‍ഷികാഘോഷവുമായി വിവിധ മേഖലകളിലെ താരങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഫിറ്റ് ഇന്ത്യ ഡയലോഗ് അല്‍പ്പ സമയത്തിനകം നടക്കും. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി താരങ്ങളുമായി ആശയ വിനിമയം നടത്തുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, എക്‌സര്‍സൈസ് സയന്‍സ് വിദഗ്ധ റിജുജ ദിവേകര്‍, വനിതാ ഫുട്ബാള്‍ താരം അദിതി ചൗഹാന്‍, സിനിമാ താരം മിലിന്ദ് സോമന്‍, സ്വാമി ശിവാധ്യാനം സരസ്വതി, മുകുള്‍ കനിത്കര്‍, അഷ്ഫാന്‍ ആഷിഖ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുമായി നടത്തുന്ന ആശയവിനിമയത്തെ ആഘോഷമാക്കി താരങ്ങള്‍ ട്വിറ്ററില്‍ രംഗത്ത് വന്നിരുന്നു. വിരാട് കോലിയും റുജുത ദിവേകറും അദിതി ചൌഹാനുമൊക്ക ഫിറ്റ് ഇന്ത്യ ഡയലോഗ് പരിപാടിയില്‍ സന്തോഷം രേഖപ്പെടുത്തി. ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ ഡയലോഗില്‍ പങ്കെടുക്കുമെന്ന് വിരാട് കോലി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു റുജുത ദിവേകറിന്‍റെ ട്വീറ്റ്. ഒരു ദേശീയ വേദിയില്‍ വനിതാ ഫുട്ബാള്‍ താരത്തെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അദിതി ചൗഹാന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും നന്ദിയുണ്ടെന്നും അദിതി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിലാണ് മോദി ശാരീരിക ക്ഷമതയില്‍ താല്‍പര്യം കാണിക്കുന്ന പ്രശസ്തരുമായി ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഫിറ്റ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നരക്കോടി ജനങ്ങള്‍ പദ്ധതിയുടെ ഭാഗമായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam