
ആഗ്ര: യമുനാ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ലക്നൌവ്വില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആഗ്രയ്ക്ക് സമീപത്തുള്ള ഖണ്ടോളി ടോള്‍ പ്ലാസയ്ക്ക് സമീപം കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ഓടെയായിരുന്നു അപകടം. കണ്ടെയ്നറില്‍ ഇടിച്ചതോടെ കാറിന് തീ പിടിക്കുകയായിരുന്നു. കാറിന് വെളിയില്‍ ഇറങ്ങാനാവാതെ കത്തുന്ന വാഹനത്തില്‍ കുടുങ്ങിയ ഇവര്‍ അഗ്നിക്കിരയാവുകയായിരുന്നു.
ലക്നൌവ്വിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മുരളി മനോഹര്‍ സരോജ് അടക്കം അഞ്ച് പേരാണ് കാറിനുള്ളില്‍ വെന്തുമരിച്ചത്. സരോജ്, ഭാര്യ, ഭാര്യയുടെ അമ്മ, ഭാര്യയുടെ സഹോദരി, സുഹൃത്ത് സന്ദീപ് എന്നിവരടക്കമാണ് കൊല്ലപ്പെട്ടത്. യു ടേണ്‍ എടുക്കുന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്നറിന്‍റെ ഡിസല്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം കാറിന്‍റെ ബോണറ്റിലേക്ക് വീണതായിരുന്നു പെട്ടന്നുള്ള തീ പിടുത്തത്തിന് കാരണമായതെന്നാണ് നിരീക്ഷണം. ചികിത്സാ ആവശ്യത്തിനായി ദില്ലിയിലേക്ക് പോവുകയായിരുന്നു സരോജും ബന്ധുക്കളും. ജയ്പൂരില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് ആമസോണ്‍ ഉത്പന്നങ്ങളുമായി തിരിച്ച കണ്ടെയ്നറുമായാണ് കൂട്ടിയിടിയുണ്ടായത്.
അപകടമുണ്ടായതിന് തൊട്ടുപിന്നാലെ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വാഹനം ഇടിച്ചതിന് ശേഷവും വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നും കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഇവര്‍ സഹായത്തിനായി നിലവിളിച്ചതായും ദൃക്സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നു. കാറിന് വളരെ വേഗത്തില്‍ തീപിടിച്ചത് ഇവരെ പുറത്തെത്തിക്കുന്നതിന് വെല്ലുവിളിയാവുകയായിരുന്നു. വാഹനം കൂട്ടിയിടിച്ചതിന്‍റെ വലിയ ശബ്ദം കേട്ട് സ്ഥലത്തേക്ക് നിരവധിപ്പേര്‍ എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.
കണ്ടെയ്നര്‍ ലോറിയുടെ നാവിഗേഷനിലുണ്ടായ തകരാറ് പരിഹരിക്കാന്‍ വാഹനം പെട്ടന്ന് തിരിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലക്നൌ എക്സ്പ്രസ് വേയിലേക്ക് പോകേണ്ടിയിരുന്നു കണ്ടെയ്നര്‍ യമുനാ എക്സ്പ്രസ് വേയില്‍ കയറുകയായിരുന്നു. ഇത് മനസിലാക്കിയ കണ്ടെയ്നര്‍ ഡ്രൈവര്‍ യു ടേണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയത്.
ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡേ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam