
ചെന്നൈ: തമിഴ്നാട്ടിലെ കമ്പത്ത് വൻ കഞ്ചാവ് വേട്ട. 21 കിലോ കാഞ്ചാവുമായി എത്തിയ അഞ്ചംഗ സംഘത്തെ കമ്പം സൗത്ത് പോലീസ് പിടികൂടി. കേരളത്തിലേക്ക് കടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആന്ധ്രയിൽ നിന്ന് വൻതോതിൽ കമ്പത്തേക്ക് കഞ്ചാവ് എത്തിച്ചതായി കമ്പം സൗത്ത് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്താൻ കമ്പം - കുമളി റോഡിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ കമ്പം മുൻസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം രണ്ട് ബൈക്കുകളിൽ ചാക്കുകെട്ടുമായി നിൽക്കുന്ന അഞ്ച് പോരെ പോലീസ് കണ്ടെത്തി. സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്തു. ചാക്കിനുള്ളിൽ എന്താണെന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.
സംഭവമായി ബന്ധപ്പെട്ട് ദിണ്ഡുക്കൽ ജില്ലയിലെ വത്തലഗുണ്ട് സ്വദേശി തുളസി, പള്ളപ്പട്ടി സ്വദേശി ആദിത്യൻ, കമ്പം ചിന്നപ്പള്ളി വാസൽ സ്വദേശി മുജാഹിദ് അലി, ഹരിഹരൻ, ഓടക്കര തെരുവിലെ ആസിഖ് അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും തുളസിയാണ് കാഞ്ചാവ് കമ്പത്ത് എത്തിച്ചത്. ഇവിടെ നിന്നും ഇരുചക്രവാഹനങ്ങളിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നും ഇവർക്ക് കഞ്ചാവ് കൈമാറിയ നാഗരാജുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam