
ദില്ലി: ലണ്ടനിലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റോബര്‍ട്ട് വാദ്രക്ക് കുരുക്ക് മുറുകുന്നു. തനിക്ക് വദ്രയെ പരിചയമുണ്ടെന്നും ലണ്ടനിലെ വിവാദ ഫ്ലാറ്റില്‍ വeദ്ര താമസിച്ചിട്ടുണ്ടെന്നും മലയാളി വ്യവയാസി സി.സി. തമ്പി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മൊഴി നല്‍കിയെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതോടെ തമ്പിയെ വിമാനത്തില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂ എന്ന വാദ്രയുടെ വാദം പൊളിയുകയാണ്. മലയാളി വ്യവസായി സി.സി. തമ്പിയുടെ ഉടമസ്ഥതയിൽ ദുബായ് ആസ്ഥാനമായുള്ള സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി വഴിയാണ് റോബര്‍ട്ട് വാദ്ര ലണ്ടലിൽ സ്വത്ത് സമ്പാദിച്ചതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണ്ടെത്തല്‍.
തമ്പിയെ വിമാനത്തില്‍ കണ്ടു പരിചയം മാത്രമേയൂള്ളൂ എന്നായിരുന്നു വാദ്ര നല്‍കിയ മൊഴി. 2017 ഏപ്രില്‍ ആറിന് തമ്പി നല്‍കിയ മൊഴി വാദ്രയ്ക്ക് തിരിച്ചടിയാവുകയാണ്. സോണിയാ ഗാന്ധിയുടെ പിഎ ആണ് വാദ്രയെ പരിചയപ്പെടുത്തിയത്. വാദ്ര ലണ്ടനിലെ ഫ്ലാറ്റില്‍ താമസിച്ചിട്ടുണ്ടെന്നും തമ്പി പറഞ്ഞിരുന്നു. വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ വാദ്ര തമ്പിയുടെ വാദം നിഷേധിച്ചു. വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയയുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇതോടെയാണ് വാദ്ര ഒഴിഞ്ഞു മാറുകയാണെന്നും കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയത്.
ലണ്ടനിലെ ഫ്ലാറ്റിന്‍റെ ഉടമ വദ്രയാണെന്ന് തെളിയിക്കുന്ന ഇമെയില്‍ രേഖകളും എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന് ലഭിച്ചതായാണ് സൂചന. യാഹൂ വിലാസത്തിലുള്ള മെയില്‍ വാദ്രയുടേതാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സിസി തമ്പിയും വദ്രയുമായുള്ള ഇടപാടുകളുടെ അന്വേഷണത്തിന് ദുബായിലേക്ക് പോകുന്ന കാര്യവും എൻഫോഴ്സ്മെൻറ് പരിഗണിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam