'തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ എന്തു വില കൊടുത്തും വിലക്കണം'; കത്തയച്ച് ശിവസേന നേതാവ്

Published : May 24, 2025, 03:20 PM ISTUpdated : May 24, 2025, 03:26 PM IST
'തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ എന്തു വില കൊടുത്തും വിലക്കണം'; കത്തയച്ച് ശിവസേന നേതാവ്

Synopsis

തുർക്കി തീവ്രവാദത്തിനെതിരായ നിലപാട് വ്യക്തമാക്കുകയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്യുന്നതുവരെ മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് ശിവസേന നേതാവ്

മുംബൈ: മുംബൈയിൽ നിന്ന് തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ ഒരു കാരണവശാലും നടത്തരുതെന്ന് ശിവസേന. ശിവസേന സോഷ്യൽ മീഡിയ ചുമതലയുള്ള റഹൂൽ കനാൽ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു, തുർക്കി തീവ്രവാദത്തിനെതിരായ നിലപാട് വ്യക്തമാക്കുകയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്യുന്നതു വരെ മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ, ഇന്ത്യ തുർക്കിയുമായുള്ള ബന്ധം പുനരാലോചിക്കണമെന്ന് താൻ ശക്തമായി ആവശ്യപ്പെടുന്നുവെന്ന് ശിവസേന നേതാവ് വ്യക്തമാക്കി. ഇന്ത്യയുടെ ടൂറിസം വ്യവസായത്തിന് (മൊത്തം ടൂറിസത്തിന്റെ 36 ശതമാനം) ഗണ്യമായ സംഭാവന നൽകുന്ന നഗരമാണ് മുംബൈ, അന്താരാഷ്ട്ര ബന്ധങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. തുർക്കിയുടെ ഏറ്റവും വലിയ സന്ദർശകർ ഇന്ത്യക്കാരാണ്. പാക് തീവ്രവാദത്തെ തുർക്കി പരസ്യമായി അപലപിക്കുന്നതു വരെ, മുംബൈയിൽ നിന്ന് തുർക്കിയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിരോധിക്കുന്നത് പരിഗണിക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ശിവസേന നേതാവ് പറഞ്ഞു. 

മെയ് 29 ന് മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള ടർക്കിഷ് എയർലൈൻസിന്റെ മൂന്ന് വിമാനങ്ങളും ഇൻഡിഗോയുടെ ഒരു വിമാനവും വിലക്കണമെന്ന് ശിവസേന നേതാവ് ആവശ്യപ്പെട്ടു. ഈ വിമാനങ്ങൾ വിലക്കുന്നത് തുർക്കിയുടെ നടപടികൾക്കുള്ള ഉചിതമായ പ്രതികരണമായിരിക്കും. ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന നടപടിയായിരിക്കും അതെന്ന് ശിവസേന നേതാവ് പറഞ്ഞു. 

പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തുർക്കിയിലേയ്ക്കുള്ള യാത്രകൾ ബഹിഷ്കരിച്ചിരിക്കുകയാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ. ഇതോടെ തുർക്കിയുടെ ടൂറിസം മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യൻ സഞ്ചാരികൾ ഇപ്പോൾ തുർക്കിയ്ക്ക് സമാനമായ അന്തരീക്ഷവും കുറഞ്ഞ ചെലവുമുള്ള മറ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയാണ്. പ്രധാനമായും ​ഗ്രീസും ഈജിപ്തുമാണ് ഇന്ത്യക്കാർ ബദലായി കണക്കാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

2024ൽ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. ഇതേ കാലയളവിൽ 2.4 ലക്ഷം ഇന്ത്യക്കാർ അസർബൈജാനും സന്ദർശിച്ചു. ഇത് ഈ രാജ്യങ്ങളുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്. കഴിഞ്ഞ വർഷം തുർക്കിയുടെയും അസർബൈജാന്റെയും ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് 69 ബില്യണിലധികമായിരുന്നു ഇന്ത്യക്കാരുടെ മാത്രം സംഭാവന. ഇ-വിസ സൗകര്യം, കുറഞ്ഞ വിമാന യാത്രാ സമയം, നേരിട്ടുള്ള വിമാന കണക്ഷനുകൾ എന്നിവയാണ് അസർബൈജാന് ഇന്ത്യക്കാർക്കിടയിൽ സ്വീകാര്യത വർധിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല