പ്രളയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നു; ആരോപണവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Aug 12, 2019, 8:55 AM IST
Highlights

പ്രളയം ബാധിക്കാത്ത ഉത്തര്‍പ്രദേശിന് പ്രളയദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം 200 കോടി നല്‍കിയപ്പോള്‍ എല്ലാ വര്‍ഷവും പ്രളയത്തില്‍ ബുദ്ധിമുട്ടുന്ന അസമിന് 250 കോടി രൂപ മാത്രമാണ് നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ 3000 കോടി ആവശ്യപ്പെട്ടെങ്കിലും നാമമാത്ര തുകയാണ് നല്‍കിയത്. 

ദില്ലി: പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷത്തില്‍ 10000 കോടിയുടെ നഷ്ടം സംഭവിച്ച കേരളത്തിന് 3000 കോടി രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സംസ്ഥാനങ്ങളോട് പോലും ബിജെപി രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രളയം ബാധിക്കാത്ത ഉത്തര്‍പ്രദേശിന് പ്രളയദുരിതാശ്വാസത്തിന് കഴിഞ്ഞ വര്‍ഷം 200 കോടി നല്‍കിയപ്പോള്‍ എല്ലാ വര്‍ഷവും പ്രളയത്തില്‍ ബുദ്ധിമുട്ടുന്ന അസമിന് 250 കോടി രൂപ മാത്രമാണ് നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ 3000 കോടി ആവശ്യപ്പെട്ടെങ്കിലും നാമമാത്ര തുകയാണ് നല്‍കിയത്.  കഴിഞ്ഞ വര്‍ഷം ചുരുങ്ങിയത് 10000 കോടിയുടെ നഷ്ടമെങ്കിലും കേരളത്തിന് സംഭവിച്ചു.  എന്നാല്‍, 3000 കോടി രൂപയുടെ സഹായം മാത്രമാണ് നല്‍കിയത്.

പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും പക്ഷപാതം അവസാനിക്കണമെന്നും ഷെര്‍ഗില്‍ ആവശ്യപ്പെട്ടു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണത്തിന്‍റെ 50 ശതമാനമെങ്കിലും ദുരിതത്തിലായര്‍ക്ക് നല്‍കണം. പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. പ്രളയബാധിത സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പണം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രളയബാധിത സംസ്ഥാനങ്ങളായ കര്‍ണാടകയിലും മഹാരാഷ്ട്രയിലും കേന്ദ്രമന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രൂക്ഷമായ മഴക്കെടുതി അനുഭവിക്കുന്നത്. കേരളത്തിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 

click me!