
ദില്ലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞ് വെള്ളപ്പൊക്കം. നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ദൌലിഗംഗ നദിയിൽ നിന്നും വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ്. ഇവിടെ ഡാമിനോട് അടുത്ത പ്രദേശത്ത് 150 തൊഴിലാളികളെ കാണാതായെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച പാലം ഒലിച്ചുപോയി.
ഗംഗ, അളകനന്ദ നദിയുടെ കരയിൽ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.
ഉത്തരാഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചു. അളകനന്ദയിലെ നന്ദ പ്രായാഗിന് ശേഷമുള്ള ഭാഗങ്ങളിൽ ജലനിരപ്പ് അപകടകരമായ സ്ഥിതിയിൽ അല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിശദീകരിച്ചു. സാധാരണ ഗതിയിൽ ഉള്ളതിനേക്കാൾ ഒരു മീറ്റർ മാത്രമാണ് ഇവിടെ ജലനിരപ്പ് ഉയർന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. പഴയ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഉത്തരാഖണ്ധിന് എല്ലാ സഹായവും നല്കുമെന്ന് അമിത് ഷാ അറിയിച്ചു. വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം നല്കി. ദില്ലിയിൽ നിന്ന് കൂടുതൽ എൻഡിആർഎഫ് സംഘാംഗങ്ങളെ പ്രത്യേക വിമാനത്തിൽ ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്. ജോഷിമഠിലേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘം കൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉത്തരാഖണ്ഡ് ഡിജിപി പ്രതികരിച്ചു. ഡാം സൈറ്റിലെ തൊഴിലാളികൾ ഒലിച്ചുപോയെന്ന റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
UPDATING....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam