
റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി ഫ്ലെറ്റ് ലെഫ്റ്റനന്‍റ് ഭാവ്നാ കാന്ത്. വായുസേനയിലെ ടേബ്ലെക്സ് കണ്ടീജന്‍റിന്‍റെ ഭാഗമാണ് ഭാവ്നാ കാന്ത്. ചെറുപ്പം മുതല്‍ റിപബ്ലിക് ദിന പരേഡ് കാണുമ്പോള്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന പറത്തുന്നത്. വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ് ഭാവ്ന സേവനം ചെയ്യുന്നത്. റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. ബിഹാറിലെ ബേഗുസരായ് സ്വദേശിയാണ് ഭാവ്ന കാന്ത്.
2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ കൂടിയാണ് ഭാവ്ന. 2017 നവംബറിലാണ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാരുടെ ശ്രേണിയിലേക്ക് ഭാവ്ന എത്തുന്നത്. 2018 മാര്‍ച്ച് മുതല്‍ ഫൈറ്റര്‍ പൈലറ്റ് എന്ന നിലയിലുള്ള ഭാവ്നയുടെ ജീവിതം ആരംഭിച്ചു.
ഭാവ്ന ആദ്യമായി തനിച്ച് പറത്തിയ വിമാനം മിഗ് 21 ബൈസണാണ്. ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ രണ്ട് റാഫേല്‍ വിമാനങ്ങളും ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ട്. ഏകലവ്യ ഫോര്‍മേഷനും ബ്രഹ്മാസ്ത്ര ഫോര്‍മേഷനും റാഫേല്‍ വിമാനങ്ങള്‍ ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ജഗ്വാര്‍ വിമാനങ്ങളും രണ്ട് മിഗ് 29 വിമാനങ്ങളും ഉള്‍പ്പെടുന്നതാണ് ഏകലവ്യ ഫോര്‍മേഷന്‍. 42 വിമാനങ്ങളാണ് ഈ വര്‍ഷത്തെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. 15 യുദ്ധവിമാനങ്ങള്‍, 5 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍, 17 ഹെലികോപ്റ്ററുകള്‍, 1 വിന്‍റേജ് , 4 ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ എന്നിവയാണ് ഇവ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam