
ഹൈദരബാദ്: ഞായറാഴ്ചകളിൽ ക്രിസ്ത്യൻ ദേവാലയത്തിലെ പ്രാർത്ഥനകളിൽ പതിവായി പങ്കെടുത്തു. തിരുപ്പതി ക്ഷേത്രത്തിലെ ജോലിയിൽ നിന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസറെ പുറത്താക്കി. എ രാജശേഖര ബാബു എന്ന ജീവനക്കാരനെയാണ് തിരുപ്പതി ദേവസ്വം പുറത്താക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതിയിൽ ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
തിരുപ്പതിയിലെ പുട്ടൂർ സ്വദേശിയാണ് എ രാജശേഖര ബാബു. ഹൈന്ദവാചാര പ്രകാരം മുന്നോട്ടു പോകുന്ന ട്രസ്റ്റിന്‍റെ ചട്ടങ്ങള്‍ക്ക് ഇത് വിരുദ്ധമായതിനാലാണ് രാജശേഖറിനെതിരെ നടപടിയെടുത്തത്. തിരുപ്പതി ദേവസ്വം ജീവനക്കാര്‍ക്കായുള്ള സര്‍വീസ് നിയമങ്ങളിൽ ഹിന്ദുമതം പിന്തുടരുന്നവര്‍ക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു ധര്‍മങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരാകണം ജീവനക്കാരെന്നും ഹൈന്ദവേതര ആചാരങ്ങളില്‍ നിന്നും ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും 2007 ല്‍ കൂട്ടിച്ചേര്‍ത്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ മതിയായ നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വത്തിന് അധികാരമുണ്ടായിരിക്കുമെന്നും സര്‍വീസ് ചട്ടം വിശദമാക്കുന്നത്.
ഹിന്ദുമതാചാരങ്ങള്‍ പിന്തുടരുന്ന ട്രസ്റ്റിന്‍റേതായ മാനദണ്ഡങ്ങൾ പാലിക്കുന്നതില്‍ ജീവനക്കാരൻ വീഴ്ച വരുത്തിയെന്നും ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വീഴ്ച തുടർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖര്‍ നാട്ടില്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരന് ദേവസ്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. ഇതിന് ശേഷവും ജീവനക്കാരൻ ക്രിസ്ത്യൻ പള്ളിയിൽ പോവുന്നത് തുടർന്നതോടെയാണ് നടപടി. മെയ് മാസത്തിൽ, ബോർഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ആന്ധ്രാപ്രദേശ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റാനോ അവർക്ക് സ്വമേധയാ വിരമിക്കൽ പദ്ധതികൾ വാഗ്ദാനം ചെയ്യാനോ ടിടിഡി ബോർഡ് തീരുമാനിച്ചിരുന്നു.
ഇതിന് മുൻപ് സമാന കാരണങ്ങളെ തുടര്‍ന്ന് അധ്യാപകരും സാങ്കേതിക വിഭാഗം ജീവനക്കാരും, നഴ്സുമാരും ഉള്‍പ്പടെ പതിനെട്ടോളം പേരെ തിരുപ്പതി ദേവസ്വം സ്ഥലം മാറ്റിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു നടപടിയേക്കുറിച്ച് ദേവസ്വം വിശദീകരിച്ചത്. ഹിന്ദു മതാചാര പ്രകാരം പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തിരുപ്പതി ദേവസ്വം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം