
ദില്ലി: പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍റെ അടിച്ചമർത്തൽ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമവിരുദ്ധമായ കടന്നുകയറ്റത്തിലൂടെയുള്ള സ്ഥലത്ത് തെറ്റായ നയങ്ങൾ സ്വീകരിച്ചതിന്‍റെ ഫലമാണിത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാൻ ഉത്തരവാദിയാണ്. ഇതിന് പാക്കിസ്ഥാൻ മറുപടി പറയണമെന്നും രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. അതേസമയം, ഏഷ്യാകപ്പ് വിവാദങ്ങളോട് രണ്‍ധീര്‍ ജയ്സ്വാൽ പ്രതികരിച്ചില്ല. ബിസിസിഐയോട് ചോദിക്കുന്നതാകും ഉചിതമെന്നായിരുന്നു പ്രതികരണം.
ബംഗ്ലാദേശ് ഖാഗ്രചാരിലെ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവും വിദേശകാര്യ മന്ത്രാലയം തള്ളി. ബംഗ്ലാദേശിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ ഇടക്കാല സർക്കാർ പരാജയപ്പെട്ടു. വീഴ്ചകളുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ ആരോപിക്കുന്നത് പതിവാണ്. അവർ തന്നെ ആത്മ പരിശോധന നടത്തണം. ചിറ്റഗോങ്ങിൽ ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന കുറ്റകൃത്യങ്ങളിൽ ഗൗരവമുള്ള അന്വേഷണത്തിന് തയാറാകണം. സർക്രീക്ക് മേഖലയിലെ വിഷയങ്ങളെ സംബന്ധിച്ച് പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭീകരവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിലും നിലവിൽ ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. അജിത് ഡോവൽ കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടികാഴ്ച നടത്തിയെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ പറഞ്ഞു.