'തീവ്രവാദത്തെ നേരിടാൻ ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് പ്രവർത്തിക്കുന്നു': ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി

By Web TeamFirst Published Jan 10, 2020, 3:38 PM IST
Highlights

 ഒരു വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇവിടെയെത്തിയത് ശ്രീലങ്ക-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്നും ഗുണവര്‍ദ്ധന പറഞ്ഞു.

ദില്ലി: തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന. ഇരു രാജ്യങ്ങൾക്കും തീവ്രവാദം ഒരുപോലെ അപകടകരമാണെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

"ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും തീവ്രവാദം അപകടമാണ്. ഇത് ലോകമെമ്പാടും വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. ഇന്ത്യയിലും ശ്രീലങ്കയിലും, ഞങ്ങള്‍ ഇതിന് പ്രത്യേക ശ്രദ്ധകൊടുത്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ഞങ്ങൾ ഒരുമിച്ച് പോരാടും "ദിനേശ് ഗുണവര്‍ദ്ധന പറഞ്ഞു.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുമായി കഴിഞ്ഞ വര്‍ഷം ദില്ലിയിൽ വച്ച് നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദത്തിനെ പ്രതിരോധിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ പ്രത്യേക സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇവിടെയെത്തിയത് ശ്രീലങ്ക-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്നും ഗുണവര്‍ദ്ധന പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, നൈപുണ്യ വികസന മന്ത്രി മഹേന്ദ്ര നാഥ പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ എന്നിവരുമായി ദിനേശ് ഗുണവര്‍ദ്ധന കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്നും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കൂടുതല്‍  മെച്ചപ്പെടുത്തുമെന്നും ഗുണവര്‍ദ്ധന വ്യക്തമാക്കി.

click me!