എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍ തന്നെ; ജെഎന്‍യുവില്‍ ഇന്നും ഫോറൻസിക് പരിശോധന

By Web TeamFirst Published Jan 15, 2020, 8:39 AM IST
Highlights

 ജെഎൻയുവിൽ അക്രമം നടത്താൻ നേതൃത്വം നൽകുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നൽകുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകൾ പിടിച്ചെടുക്കാൻ ദില്ലി പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു

ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നും ക്യാന്പസിൽ ഫോറൻസിക് സംഘം പരിശോധന നടത്തും. ഇന്നലെ ക്യാന്പസിൽ എത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം നടത്തിയെങ്കിലും സെർവർ തകരാറിനായതിനാൽ കഴിഞ്ഞില്ല. അതെസമയം, കേസിൽ പ്രതികളായ എബിവിപി പ്രവർത്തകർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കോമൽ ശർമ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നിവർ ഒളിവിലാണെന്നും അതിനാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ദില്ലി പൊലീസിന്‍റെ പ്രതികരണം. ഇവരുടെ ഫോണുകൾ ഓഫാണെന്നും ദില്ലി പൊലീസ് കൂട്ടിച്ചേര്‍ത്തു. ജെഎൻയുവിൽ അക്രമം നടത്താൻ നേതൃത്വം നൽകുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നൽകുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകൾ പിടിച്ചെടുക്കാൻ ദില്ലി പൊലീസിനോട് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ പ്രതികരണം. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് ജെഎൻയുവിൽ മുഖംമൂടിസംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍  മുതിർന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ ആക്രമണത്തിൽ ആർഎസ്എസ്, എബിവിപി, ബിജെപി, ബജ്‍രംഗദൾ എന്നീ സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും, ആക്രമണത്തിന് നേതൃത്വം നൽകിയത് വിവാദ വാട്‍സാപ്പ് ഗ്രൂപ്പുകൾ വഴിയാണെന്നും ആക്രമണം നടന്ന അന്ന് രാത്രി തന്നെ പുറത്തുവന്നതാണ്. എന്നാല്‍ ദില്ലി പൊലീസ് നടപടിയെടുക്കല്‍ വൈകിപ്പിക്കുകയായിരുന്നു. 

click me!