ഒരിക്കല്‍ രാഹുലിന്റെ വിശ്വസ്തന്‍, ഇപ്പോള്‍ മോദി ക്യാബിനറ്റിലെ മന്ത്രി; ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയം

By Web TeamFirst Published Jul 7, 2021, 9:48 PM IST
Highlights

ഏറെക്കാലം കഴിഞ്ഞിട്ടും മറ്റ് സ്ഥാനങ്ങളൊന്നും ലഭിക്കാതായതോടെ ബിജെപിയിലെ ബാക്ക് ബെഞ്ചറാണ് സിന്ധ്യയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനുള്ള ആരോപണത്തിനുള്ള മറുപടിയാണ് 50കാരനായ സിന്ധ്യക്ക് മോദി മന്ത്രിസഭയില്‍ ലഭിച്ച പുതിയ സ്ഥാനലബ്ധി. 

ദില്ലി: ഒരിക്കല്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ടീം അംഗങ്ങളില്‍ പ്രധാനി. രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി, കോണ്‍ഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. വെറുമൊരു രാഷ്ട്രീയ മാറ്റമായിരുന്നില്ല അത്. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന മധ്യപ്രദേശ് സര്‍ക്കാറിനെ താഴെയിറക്കി തന്റെ 22 എംഎല്‍എമാരുമായി സിന്ധ്യ പടിയിറങ്ങി. മധ്യപ്രദേശില്‍ കമല്‍നാഥുമായി ഉടലെടുത്ത രാഷ്ട്രീയ വൈരത്തിന്റെ പരിസമാപ്തിയായിരുന്നു സിന്ധ്യയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം. 

ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളായിരുന്നു പിന്നീടുള്ള ചര്‍ച്ച. മധ്യപ്രദേശ് മന്ത്രിസഭയില്‍ നിന്ന് അകന്നുനിന്ന സിന്ധ്യക്ക് ബിജെപി രാജ്യസഭ എംപി സ്ഥാനം നല്‍കി. ഏറെക്കാലം കഴിഞ്ഞിട്ടും മറ്റ് സ്ഥാനങ്ങളൊന്നും ലഭിക്കാതായതോടെ ബിജെപിയിലെ ബാക്ക് ബെഞ്ചറാണ് സിന്ധ്യയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനുള്ള ആരോപണത്തിനുള്ള മറുപടിയാണ് 50കാരനായ സിന്ധ്യക്ക് മോദി മന്ത്രിസഭയില്‍ ലഭിച്ച പുതിയ സ്ഥാനലബ്ധി. 

ഗ്വാളിയോര്‍ രാജകുടുംബത്തില്‍ നിന്നാണ് സിന്ധ്യയുടെ വരവ്. പിതാവ് മാധവറാവു സിന്ധ്യയുടെ മരണത്തോടെ ഗുണയില്‍ നിന്ന് ജനവിധി തേടി. അങ്ങനെ മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ മന്ത്രിയുമായി. എന്നാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാര നഷ്ടം വന്നതോടെ മധ്യപ്രദേശില്‍ കമല്‍നാഥ്, ദിഗ് വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ ത്രയം രൂപപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ക്കിടയിലും 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും കമല്‍നാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പാര്‍ട്ടിയിലും സര്‍ക്കാറിലും ഉന്നത സ്ഥാനം ലഭിക്കുമെന്ന സിന്ധ്യയുടെ ആഗ്രഹങ്ങള്‍ അതേപടി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിനായില്ല.

2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയെങ്കിലും ദയനീയമായി പാര്‍ട്ടി തോറ്റു. കുത്തകയായി കൊണ്ടുനടന്നിരുന്ന ഗുണ മണ്ഡലത്തില്‍ ബിജെപി ജയിച്ചതിനും സിന്ധ്യ സാക്ഷിയായി. ഇതിനിടയില്‍ മുഖ്യമന്ത്രി കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ച് ഉച്ചസ്ഥായിയിലെത്തിയിരുന്നു. ഹൈക്കമാന്‍ഡും തന്നെ കൈയൊഴിഞ്ഞെന്ന് ബോധ്യമായതോടെ ഏത് നിമിഷവും സിന്ധ്യ പാര്‍ട്ടി വിടുമെന്ന അവസ്ഥയിലായി. ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചതുപോലെ സര്‍ക്കാറിനെ താഴെയിറക്കി തന്റെ വിശ്വസ്തരോടൊപ്പം സിന്ധ്യ ബിജെപിയിലെത്തി. 

ബിജെപിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതാകുന്നതോടെ സിന്ധ്യ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷകളെ അസ്ഥാനത്താക്കി സിന്ധ്യക്ക് കേന്ദ്രമന്ത്രി പദം ലഭിച്ചിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!