വീണ്ടും ട്വിസ്റ്റ്‌; അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടെന്ന് അവകാശപ്പെട്ട പ്രജ്വലിന്റെ മുൻ ഡ്രൈവറെ കാണാനില്ല

By Web TeamFirst Published May 2, 2024, 6:08 PM IST
Highlights

പ്രജ്വലിന്‍റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ചോർത്തി ബിജെപി നേതാക്കൾക്ക് നൽകിയെന്ന് വെളിപ്പെടുത്തിയ മുൻ ഡ്രൈവർ കാർത്തിക് റെഡ്ഡിയെ കാണാനില്ല.

ബംഗളൂരു: ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ കേസിൽ വീണ്ടും ട്വിസ്റ്റ്. പ്രജ്വലിന്‍റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ചോർത്തി ബിജെപി നേതാക്കൾക്ക് നൽകിയെന്ന് വെളിപ്പെടുത്തിയ മുൻ ഡ്രൈവർ കാർത്തിക് റെഡ്ഡിയെ കാണാനില്ല. മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കാർത്തിക് റെഡ്ഡിയെ കാണാതായത്. നേരത്തെ അന്വേഷണവുമായി സഹകരിക്കുമെന്ന് കാർത്തിക് റെഡ്ഡി പുറത്ത് വിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം, രാജ്യം വിട്ട പ്രജ്വലിനെതിരെ ഇതിനിടെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഹാസനിൽ പ്രജ്വലിന്‍റെ മുൻഡ്രൈവറും കുട്ടിക്കാലം മുതലേ സഹപാഠിയുമായിരുന്നു കാർത്തിക് റെഡ്ഡി. പ്രജ്വലിന്‍റെ ഫോണിൽ നിന്ന് അശ്ലീലദൃശ്യങ്ങൾ എയർഡ്രോപ്പ് ചെയ്തെടുത്ത് ബിജെപി നേതാവായ ദേവരാജഗൗഡയ്ക്ക് ചോർത്തിയത് താനാണെന്ന് സമ്മതിച്ച് കാർത്തിക് റെഡ്ഡി രംഗത്ത് വന്നിരുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് നീതി തേടിയാണ് താൻ ദൃശ്യങ്ങൾ ചോർത്തിയതെന്ന് കാർത്തിക് റെഡ്ഡി പറഞ്ഞെങ്കിലും സത്യത്തിൽ കാർത്തികും പ്രജ്വലും തമ്മിൽ ബിനാമി ഭൂമിയിടപാടിന്‍റെ പേരിൽ ഉണ്ടായ തർക്കമാണ് ദൃശ്യങ്ങൾ ചോരുന്നതിലേക്ക് വഴി വച്ചത് എന്നാണ് സൂചന.

പ്രജ്വലും ഗുണ്ടകളും തന്നെയും ഭാര്യയെയും തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഹോലെനരസിപൂർ സ്റ്റേഷനിൽ കഴിഞ്ഞ വർഷം കാർത്തിക് ഒരു പരാതി കൊടുത്തിരുന്നതാണ്. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് കാർത്തിക് റെഡ്ഡി നേരത്തേ പുറത്ത് വിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. അന്വേഷണസംഘം ഇന്ന് ഹാജരാകാൻ കാർത്തികിന് നോട്ടീസ് നൽകിയെങ്കിലും എത്തിയില്ല. ഹാസനിലടക്കം പലയിടത്തും അന്വേഷിച്ചെങ്കിലും കുടുംബാംഗങ്ങളടക്കം കാർത്തികിനെ കാണാനില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. കാർത്തിക് സ്വയം ഒളിവിൽ പോയതാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

Also Read: ലോക്സഭ തെരഞ്ഞെടുപ്പ്; 3 സീറ്റിൽ ജയസാധ്യത, തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പെന്ന് സിപിഐ എക്സിക്യൂട്ടീവ്

അതിനിടെ, പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എല്ലാ ഇമിഗ്രേഷൻ പോയന്റുകളിലും ലുക്ക്‌ ഔട്ട്‌ നോട്ടീസ് നൽകി. എവിടെയെങ്കിലും പ്രജ്വൽ ഇറങ്ങിയാൽ കസ്റ്റഡിയിൽ എടുക്കാൻ ആണ് നോട്ടീസിലെ നിർദേശം.

അതേസമയം പ്രജ്വൽ ഇപ്പോൾ ജർമനിയിലെ മ്യൂണിക്കിൽ ആണ് ഉള്ളതെന്നാണ് സൂചന. ഏപ്രിൽ 27-ന് പുലർച്ചെ 2.10-നുള്ള ഫ്ളൈറ്റിൽ ഫ്രാങ്ക്ഫർട്ടിലേക്ക് പോയ പ്രജ്വൽ അവിടെ നിന്ന് മ്യൂണിക്കിൽ എത്തി എന്നാണ് വിവരം. മെയ് 15-ന് പ്രജ്വൽ തിരിച്ച് എത്തിയേക്കും എന്നാണ് സൂചന. റിട്ടേൺ ടിക്കറ്റ് ബുക്ക്‌ ചെയ്‌തെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്നും എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്നും കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!