
ദില്ലി: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയിൽ അംഗമാക്കണമെന്ന ആവശ്യവുമായി ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് രാജ്യസഭയിലേക്ക് അയക്കുമായിരുന്നെന്നും അതിന് കഴിയാത്ത സാഹചര്യത്തിൽ ഹരിയാന സർക്കാർ രാജ്യസഭാംഗത്വം നൽകണമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
ഹരിയാനയിൽ നിന്ന് കോൺഗ്രസിന് രാജ്യസഭാംഗത്വത്തിലേക്ക് ജയിപ്പിക്കാനുള്ള കരുത്തില്ല. ഇല്ലെങ്കിൽ കോൺഗ്രസ് അവർക്ക് രാജ്യസഭാംഗത്വം നൽകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹരിയാന സർക്കാർ അതിന് മുൻകൈ എടുക്കണമെന്നും ഇത് മറ്റു കായികതാരങ്ങൾക്ക് കരുത്താകുമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. അതിനിടെ, ഭൂപീന്ദർ സിംഗ് ഹൂഡക്കെതിരെ വിമർശനവുമായി വിനേഷ് ഫോഗട്ടിന്റെ അമ്മാവൻ മഹാവീർ ഫോഗട്ട് രംഗത്തെത്തി. രാഷ്ട്രീയ പോരാണ് പരാമർശത്തിന് പിന്നിലെന്ന് വിനേഷിന്‍റെ അമ്മാവൻ മഹാവീർ ഫോഗട്ട് പറഞ്ഞു.
ഭൂപീന്ദർ ഹൂഡ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ കോമൺവെൽത്ത് ഗെയ്ംസിൽ മെഡലുകൾ നേടിയ ഗീത ഫോഗട്ടിനും ബബിത ഫോഗട്ടിനും എന്ത് കൊണ്ട് രാജ്യസഭയിൽ അംഗത്വം നൽകിയില്ലെന്ന് മഹാവീർ ഫോഗട്ട് പ്രതികരിച്ചു. ഡിഎസ്പി ആകേണ്ട ഇരുവരേയും ഭൂപീന്ദർ ഹൂഡ സർക്കാർ സബ് എസ്ഐ പോസ്റ്റിലേക്ക് തഴയുകയായിരുന്നു. കോടതി വഴിയാണ് പരിഹാരം കണ്ടതെന്നും മഹാവീർ ഫോഗട്ട് കൂട്ടിച്ചേർത്തു.
അതിനിടെ, ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. 'ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു'. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും.
ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയ നടപടി ഒളിംപിക്സിൽ ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. ഭാരപരിശോധനയിൽ 100 ഗ്രാം അധികം കണ്ടെത്തിയതോടെയായിരുന്നു നടപടി. ഗുസ്തി ഫ്രീസ്റ്റൈൽ 50 കിലോ വിഭാഗത്തിൽ മൽസരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാരപരിശോധനയിൽ 49.9 കിലോ ആയിരുന്നു വിനേഷ് ഫോഗറ്റിന്റെ ഭാരം. 3 മത്സരങ്ങളിൽ പങ്കെടുത്ത വിനേഷ് നിർജലീകരണം തടയാൻ വെള്ളം കുടിക്കുകയും വേഗം ഊർജം ലഭിക്കുന്ന പ്രോട്ടീൻ ഭക്ഷണം കഴിക്കുകയും ചെയ്തു. രാത്രി ഏഴിനു ശേഷം നടന്ന സെമിയിലൂടെ ഫൈനൽ ഉറപ്പിച്ച വിനേഷ്, പിന്നാലെ പരിശീലകർക്കൊപ്പം നടത്തിയ ഭാരപരിശോധനയിൽ 52.7 കിലോയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഭാരം കുറയ്ക്കാൻ കഠിനപരിശ്രമം നടത്തി.
എന്നാൽ ഭാരപരിശോധനയിൽ പരിശോധനയിൽ 100 ഗ്രാം ശരീര ഭാരം കൂടുതൽ എന്ന് സ്ഥിരീകരിച്ചു. ഉടൻ തന്റെ മുടി മുറിച്ച് ഭാരം കുറയ്ക്കാൻ വിനേഷ് ശ്രമിച്ചെങ്കിക്കും ഫലം ഉണ്ടായില്ല. അല്പസമയം കൂടി നൽകണമെന്ന് ഇന്ത്യൻ സംഘം അഭ്യർത്ഥിച്ചെങ്കിലും ചട്ടത്തിൽ ഇളവ് നൽകില്ലെന്ന് അധികൃതർ നിലപാട് എടുക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam