
ലക്നൗ: തടവുകാരും ജയിൽ അധികൃതരും ചേർന്ന് ജയിലിലെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽ നിന്ന് അടിച്ച് മാറ്റിയത് 52 ലക്ഷം രൂപ. ഉത്തർ പ്രദേശിലെ അസംഗഡ് ജില്ലാ ജയിലിലാണ് അതിവിചിത്രമായ മോഷണം നടന്നത്. 17 മാസമെടുത്താണ് അതിവിദഗ്ധമായ മോഷണം നടന്നത്. ജയിൽ അധികൃതരായ രണ്ട് പേരുടെ സഹായത്തോടെ തടവ് പുള്ളികൾ ജയിലിന്റെ ഔദ്യോഗിക അക്കൗണ്ടിന്റെ ചെക്ക് ബുക്ക് അടിച്ച് മാറ്റുകയായിരുന്നു. ഇതിന് ശേഷം ജയിൽ സൂപ്രണ്ടിന്റെ ഒപ്പും തടവ് പുള്ളികൾ കോപ്പിയടിച്ചു. ബാങ്ക് അധികൃതർക്ക് സംശയം തോന്നാതിരിക്കാനും ജയിലിലെ സീലും വ്യാജമായി സൃഷ്ടിച്ചു. ഇതിന് ശേഷം പല തവണകളായി 52 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു. പിൻവലിച്ച പണം മാസങ്ങൾ കാത്തിരുന്ന പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 33കാരനായ രാംജിത് യാദവ്, 27കാരനായ ശിവ ശങ്കർ യാദവ്, 45 കാരനായ മുഷിർ അഹമ്മദ്, 50കാരനായ അവ്ദേഷ് കുമാർ പാണ്ഡേ എന്നിവരാണ് അറസ്റ്റിലായത്. മോഷണമുതലിന്റെ തന്റെ ഓഹരി ഉപയോഗിച്ച് രാംജിത് യാദവ് സഹോദരിയുടെ വിവാഹം നടത്തി. 25 ലക്ഷം രൂപയാണ് ഇയാൾ സഹോദരിയുടെ വിവാഹത്തിനായി ചെസവിട്ടത്. ജനുവരി 30നായിരുന്നു ഇയാളുടെ സഹോദരിയുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെ 3.75 ലക്ഷം ചെലവിട്ട് ഒരു ബുള്ളറ്റ് ബൈക്കും പത്ത് ലക്ഷം രൂപ കടങ്ങൾ വീട്ടാനും ഉപയോഗിച്ചുവെന്നാണ് രാംജിത് യാദവ് പൊലീസിൽ മൊഴി നൽകിയത്.
സ്ത്രീധന പീഡനത്തേ തുടർന്നുള്ള കൊലപാതകത്തേ തുടർന്നാണ് രാംജിത് യാദവ് ജയിലിലായത്. 2024 മെയ് 20നാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജയിലിലെ അക്കൗണ്ട്സ് വിഭാഗത്തിലെ ജോലി സമയത്താണ് അറസ്റ്റിലായവർ തട്ടിപ്പിനുള്ള പദ്ധതിയിട്ടത്. ജയിലിലെ സെക്ഷൻ അസിസ്റ്റന്റ് ആയ മുഷിർ അഹമ്മദ്, വാച്ച്മാനായ അവ്ദേഷ് കുമാർ പാണ്ഡേ എന്നിവരുടെ ഒത്താശയിലായിരുന്നു മോഷണം. ഉപയോഗിക്കാത്ത പണം തിരിച്ച് അടയ്ക്കാത്തത് സംബന്ധിയായ മുഷിർ അഹമ്മദിനോട് വിശദീകരണം തേടിയപ്പോഴാണ് മോഷണ വിവരം പുറത്ത് വന്നത്. ബനാറസ് ഹിന്ദു സർവ്വകലാശാല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച തടവുകാരന്റെ ചികിത്സാർത്ഥമാണ് പണം പിൻവലിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് അറിവില്ലെന്നായിരുന്നു മുഷിർ അഹമ്മദ് സൂപ്രണ്ടിനോട് പ്രതികരിച്ചത്. ഇതിൽ സംശയം തോന്നിയ സൂപ്രണ്ട് ജയിൽ രേഖകൾ പരിശോധിക്കുകയും ഓഡിറ്റ് നടത്തുകയുമായിരുന്നു.
ഓഡിറ്റിലാണ് വൻ തുക മോഷണം പോയത് തിരിച്ചറിയുന്നത്, രാംജിത് യാദവിന്റെ അക്കൗണ്ടിലേക്കായിരുന്ന പണം പിൻവലിച്ചിരുന്നത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് രാംജിത് യാദവ് ഇതേ ജയിലിലെ തടവുകാരനാണെന്ന് വ്യക്തമായത്. സഭവത്തിൽ കോട്വാലി പൊലീസ് കേസ് എടുത്തു. 52.85 ലക്ഷം രൂപയാണ് ജയിലിൽ നിന്ന് പ്രതികൾ തട്ടിയത്. മോഷണ മുതൽ വച്ച് വാങ്ങിയ ബൈക്കും ഫോണും പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പിന് കൂട്ട് നിന്നതിന് മുഷിർ അഹമ്മദിന് 7 ലക്ഷം രൂപയാണ് ലഭിച്ചത്. ശിവ ശങ്കർ 5 ലക്ഷം രൂപയും അവ്ദേഷ് കുമാർ പാണ്ഡേയ്ക്ക് 1.5ലക്ഷം രൂപയുമാണ് മോഷണ ശേഷം നൽകിയത്.