
ദില്ലി: ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിക്ക് മോചനം. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടിൽ കരുതൽ തടങ്കലിലായിരുന്ന മുഫ്തിയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്.എന്നേക്കുമായി കരുതൽ തടങ്കൽ പാടില്ലെന്ന സുപ്രീംകോടതി പരാമർശത്തിന് പിന്നാലെയാണ് മുഫ്തി യെ മോചിപ്പിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെ പൊതുസുരക്ഷ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഒരു വർഷവും രണ്ടുമാസവും തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ മോചനം. നേരത്തെ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13 നും ഒമർ അബ്ദുള്ളയെ മാർച്ച് 24 നും മോചിപ്പിച്ചിരുന്നു. അപ്പോഴും മെഹബൂബ മുഫ്തിയെ മാത്രം മോചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലായ് 31ന് മെഹബൂബയുടെ തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീംകോടതിയിൽ എത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കാനാകൂ എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. അതേസമയം എന്നത്തേക്കുമുള്ള തടങ്കലായി ഇതുമാറരുതെന്ന് സുപ്രീംകോടതി പരാമർശം നടത്തിയിരുന്നു. എത്രകാലം ഒരാളെ കരുതൽ തടങ്കലിൽ വെക്കാൻ സാധിക്കുമെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചമുമ്പ് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വിട്ടയക്കാനുള്ള തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam