
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ അധികൃതരുടെ കടുംപിടുത്തവും സ്വാർത്ഥതയുമാണെന്ന ഗുരുതര ആരോപണവുമായി മുൻ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡേകി മകിഹാര. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യൻ ഭാഗത്തുനിന്ന് കടുത്ത ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജാപ്പനീസ് റെയിൽവേ എൻജിനീയറായ ഇസാവോ സുജിമുറ എഴുതിയ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മകിഹാരയുടെ ഈ വിവാദ പരാമർശം. ബുള്ളറ്റ് ട്രെയിൻ പദ്ധതി യഥാർത്ഥ ജാപ്പനീസ് ഷിൻകാൻസെൻ മാതൃകയിൽ നിന്ന് പൂർണ്ണമായി മാറിയെന്നും 2023-ൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം അപ്രായോഗികമാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു.
ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി 2026 ജൂലൈയിൽ നടത്തിയ ഇന്ത്യൻ സന്ദർശനത്തിൽ പോലും ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും മകിഹാര കുറ്റപ്പെടുത്തി. ഈ ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസ് എംപി പവൻ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുൻ ജാപ്പനീസ് മന്ത്രിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മകിഹാരയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നത്. സിഗ്നലിങ് സംവിധാനത്തിൽ നിന്ന് ജപ്പാനെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ മേഖലയിൽ ജപ്പാൻ യാതൊരു ഓഫറും നൽകിയിരുന്നില്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഓർഡർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030-കളുടെ തുടക്കത്തിൽ മാത്രമേ ജപ്പാൻ തങ്ങളുടെ അത്യാധുനിക ഇ20 ട്രെയിൻ ശ്രേണി ലഭ്യമാക്കൂ എന്നും നിലവിൽ ഈ ട്രെയിനുകൾ വികസന ഘട്ടത്തിലാണെന്നും കേന്ദ്രം അറിയിച്ചു.
ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം മുൻപ് പദ്ധതിക്ക് താമസം നേരിട്ടിരുന്നുവെങ്കിലും നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴിയിൽ ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ ഘട്ട സർവീസ് 2027 ഓഗസ്റ്റ് 15-ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ജപ്പാൻ ഇന്‍റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന ഈ പദ്ധതി വഴി മുംബൈയും അഹമ്മദാബാദും തമ്മിലുള്ള യാത്രാസമയം എട്ട് മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറയും. ഭാവിയിൽ ഡൽഹി, വാരണാസി, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ബുള്ളറ്റ് ട്രെയിൻ ശൃംഖല വ്യാപിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ജപ്പാനുമായി മുൻപെങ്ങുമില്ലാത്ത വിധം മികച്ച പങ്കാളിത്തത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam