
അഗര്‍ത്തല: ത്രിപുര മുന്‍ പിഡബ്ല്യുഡി മന്ത്രിയും സിപിഎം നേതാവുമായ ബാദല്‍ ചൗധരിക്കെതിരെയുള്ള അഴിമതി കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. 638.40 കോടിയുടെ അഴിമതി കേസാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്. എന്നാല്‍,അറസ്റ്റ് ചെയ്ത് 87 ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനായില്ല. ചൗധരിക്ക് പുറമെ, മുന്‍ ചീഫ് എന്‍ജിനീയര്‍ ഭൗമിക്, മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിംഗ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും ഇനിയും മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് ജാമ്യം നല്‍കിയതെന്നും പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. ചീഫ് എന്‍ജീനിയര്‍ ഭൗമികിനാണ് ആദ്യം ജാമ്യം ലഭിച്ചത്. കൂട്ടുപ്രതിക്ക് ജാമ്യം നല്‍കിയതിനാല്‍ തനിക്കും ജാമ്യം വേണമെന്ന് ചൗധരി വാദിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വാദം കോടതി അംഗീകരിച്ചു. ചൗധരിക്കെതിരെയുള്ള കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് മാണിക് സര്‍ക്കാര്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ നിന്ന് സിപിഎം ഇറങ്ങിപ്പോയിരുന്നു. ചൗധരി പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് 638.40 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നാണ് മുന്‍ മന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി സര്‍ക്കാര്‍ സിപിഎം നേതാക്കള്‍ക്കെതിരെ പക പോക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam