'ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം'; നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ തിഹാര്‍ ജയില്‍ അധികൃതര്‍ ഹര്‍ജി നല്‍കി

By Web TeamFirst Published Feb 1, 2020, 6:32 PM IST
Highlights

ഇന്നലെയാണ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ വധശിക്ഷ പട്യാല ഹൗസ് കോടതി സ്‍റ്റേ ചെയ്തത്. 

ദില്ലി: നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷ സ്‍റ്റേ ചെയ്ത പട്യാല കോടതി ഉത്തരവിനെതിരെ തിഹാര്‍ ജയില്‍ അധികൃതര്‍ ദില്ലി ഹൈക്കോടതിയില്‍  ഹര്‍ജി നല്‍കി. നിയമം ദുരൂപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ വധശിക്ഷ പട്യാല ഹൗസ് കോടതി സ്‍റ്റേ ചെയ്തത്. 

നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നല്‍കണമെന്ന വിനയ് ശര്‍മ്മയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. അതിനിടെ നിര്‍ഭയ കേസിലെ മൂന്നാമത്തെ കുറ്റവാളി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. അക്ഷയ് ഠാക്കൂറാണ് ദയാഹര്‍ജി നല്‍കിയത്. ഇന്ന് രാവിലെ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.
 

click me!