ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയില്ല: മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ ജയിച്ചു

By Web TeamFirst Published Aug 19, 2019, 7:44 PM IST
Highlights

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നിന്നാണ് മൻമോഹൻ സിംഗ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി എംപിയായിരുന്ന മദൻ ലാൽ സെയ്‌നിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റാണിത്

ജയ്‌പൂർ: ബിജെപി എതിർസ്ഥാനാർത്ഥിയെ നിർത്താതിരുന്നതോടെ രാജസ്ഥാനിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ബിജെപി എംപിയായിരുന്ന മദൻ ലാൽ സെയ്‌നിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു മൻമോഹൻ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചതോടെ മൻമോഹൻ സിംഗിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 100 അംഗങ്ങളാണ് ഉള്ളത്. കൂടാതെ 12 സ്വതന്ത്രരുടെയും ആറ് ബിഎസ്‌പി എംഎൽഎമാരുടെയും പിന്തുണ കോൺഗ്രസിനുണ്ട്. ബിജെപിക്ക് സഭയിൽ 73 അംഗങ്ങളാണ് ഉള്ളത്.

രാജസ്ഥാനിൽ നിന്നുള്ള പത്ത് രാജ്യസഭാംഗങ്ങളിൽ ഒൻപതും ബിജെപിക്കാരാണ്. സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കില്ലെന്ന് ഉറപ്പായതിനാലാണ് മത്സരത്തിൽ നിന്ന് ബിജെപി പിന്മാറിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 86 കാരനായ മൻമോഹൻ സിംഗ് കഴിഞ്ഞ ആഴ്ചയാണ് സച്ചിൻ പൈലറ്റിന്റെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും പിന്തുണയോടെ പത്രിക സമർപ്പിച്ചത്. 

അസമിൽ നിന്നും 1991 മുതൽ തുടർച്ചയായി രാജ്യസഭയിലേക്ക് മത്സരിച്ച് ജയിച്ച മൻമോഹൻ സിംഗിന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. സംസ്ഥാനത്ത് ഒഴിവുവന്ന സീറ്റിൽ മത്സരിച്ച് ജയിക്കാനുള്ള ശേഷി കോൺഗ്രസിന് ഇല്ലാതിരുന്നതിനാൽ അസമിൽ തുടർന്ന നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിംഗ് മത്സരിച്ചിരുന്നില്ല.

click me!