ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം; മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്

Published : Dec 25, 2024, 10:36 AM ISTUpdated : Dec 25, 2024, 10:51 AM IST
ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം; മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്

Synopsis

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നായിരുന്ന വാജ്പേയിയാണ് ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് അടിസ്ഥാനമേകിയത്.

ദില്ലി: മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നായിരുന്ന വാജ്പേയിയാണ് ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് അടിസ്ഥാനമേകിയത്. സംഘപരിവാറിൽ അടിയുറച്ച് നില്ക്കുമ്പോഴും എതിർ ആശയങ്ങളെ അംഗീകരിക്കാനുള്ള മെയ് വഴക്കമാണ് പ്രതിസന്ധികൾക്കിടയിലും കൂട്ടുകക്ഷി സർക്കാരിനെ മുന്നോട്ട് നയിക്കാൻ വാജ്പേയിയെ സഹായിച്ചത്.

1996 മേയ് 16 നാണ് എ ബി വാജ്പേയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ഇത്. സംഘപരിവാറിലൂടെ വളർന്നു വന്ന ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 13 ദിവസമേ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളൂ. എങ്കിലും ബിജെപിയെ പിന്നിട് ഇന്ത്യയുടെ ഒന്നാമത്തെ പാർട്ടിയായി വളർത്തുന്നതിൽ ആദ്യ വാജ്പേയി മന്ത്രിസഭ അണികൾക്ക് ഊർജ്ജം നല്‍കി. ജനസംഘവും ജനതാപാർട്ടിയും പരീക്ഷിച്ച ശേഷം സംഘപരിവാറിൻ്റെ രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി മാറിയത് 1980 ലാണ്. സ്ഥാപക പ്രസിഡൻ്റായ എബി വാജ്പേയി, ഒരിക്കൽ താമര വിരിയും എന്ന് മുംബൈയിലെ ശിവജി പാർക്കിൽ പ്രവചിച്ചിരുന്നു.

കവിത തുളുമ്പുന്ന വാക്കുകളിലൂടെ വാജ്പേയി കോറിയിട്ടത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അടൽ ബിഹാരി വാജ്പേയി ജനിച്ചത്. അധ്യാപകനും കവിയുമായ അച്ഛൻ കൃഷ്ണ വാജ്പേയി കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചു. 1939ൽ പതിനഞ്ചാം വയസ്സിലാണ് വാജ്പേയി ആർഎസ്എസുമായി അടുത്തത്. ഇരുപതാം വയസിൽ മുഴുവൻ സമയ പ്രചാരകനായി. 1957ൽ നേപ്പാൾ അതിർത്തിയിലെ ബൽറാംപൂരിൽ നിന്ന് ലോക്സഭയിലെത്തി. 2009 വരെ തുടർന്ന പാർലമെൻ്ററി ജീവിതം അവിടെ തുടങ്ങി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടവും ജയിൽവാസവും വാജ്പേയി എന്ന നേതാവിൻറെ സ്വീകാര്യത ഉയർത്തി. ജനതാസർക്കാരിൽ വിദേശകാര്യമന്ത്രിയായി. 1996ൽ 161 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ക്ഷണം കിട്ടിയത്. സംഖ്യ ഉറപ്പിക്കാനാകില്ല എന്ന് വ്യക്തമായതോടെ രാജിവച്ചിറങ്ങി.

കാർഗിൽ തിരിച്ച് പിടിക്കാനുള്ള പോരാട്ടം, പാർലമെൻ്റിന് നേരെയുള്ള ഭീകരാക്രമണം, കാണ്ഡഹാർ വിമാന റാഞ്ചൽ തുടങ്ങി തൻ്റെ ഭരണകാലത്തെ ഈ പ്രതിസന്ധികളെല്ലാം വാജ്പേയി സമചിത്തതയോടെ നേരിട്ടു. ലാഹോറിലേക്ക് ബസ് യാത്ര നടത്തിയും മുഷാറഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പാകിസ്ഥാനുമായി അടുക്കാൻ ശ്രമിച്ചും വാജ്പേയി നടത്തിയത് ധീരമായ നയതന്ത്ര പരീക്ഷണങ്ങൾ. ഇന്ത്യ ആണവ ശക്തിയെന്ന് അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ കണ്ണു വെട്ടിച്ച് പ്രഖ്യാപിക്കാനായതും വാജ്പേയിയുടെ താരപരിവേഷം ഉയർത്തി. അയോധ്യ ഉയർത്തിയുള്ള ബിജെപിയുടെ നീക്കങ്ങളുടെ മുൻപന്തിയിൽ എബി വാജ്പേയിയും ഉണ്ടായിരുന്നു. എങ്കിലും ഗുജറാത്ത് കലാപത്തിനു ശേഷം രാജധർമ്മം ലംഘിക്കരുത് എന്ന മുന്നറിയിപ്പ് നരേന്ദ്ര മോദിക്ക് നല്‍കാൻ വാജ്പേയി മടിച്ചില്ല. 

Also Read:  മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

തോൽവികൾ എബി വാജ്പേയിയെ ഒരിക്കലും ബാധിച്ചിരുന്നില്ല. വിജയവും തോൽവിയും ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടു. അധികാരത്തിൻ്റെ മത്ത് എവിടെയും വാജ്പേയി കാണിച്ചില്ല. വിജയങ്ങളിൽ അഹങ്കരിച്ചില്ല. കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ വാജ്പേയി ശൈലി എന്നും പാഠപുസ്തകമാണ്. ഇന്ന് എഴ് ലോക് കല്ല്യാൺ മാർഗ്ഗായ അന്നത്തെ ഏഴ് റേസ്കോഴ്സ് റോഡിൽ, കവിതയുടെ സുഗന്ധം എത്തിച്ച നേതാവിനെയാണ് രാജ്യം ഈ നൂറാം ജന്മവാർഷികത്തിൽ ഓർക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ, ഗവർണർ ഇറങ്ങിപ്പോയി
ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക