
അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജിവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത് സിംഗ് ബാദൽ അറിയിച്ചത്.
ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, കോൺഗ്രസ് പാർട്ടിയുടെ പഞ്ചാബിനോടുള്ള നയങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം. പാർട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് കാരണം ഉന്നതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.
ദില്ലിയിൽ നിന്നുള്ള നേതാക്കൾക്കെതിരെയാണ് മൻപ്രീത് സിംഗ് ബാദലിന്റെ വിമർശനം. കോൺഗ്രസ് പാർട്ടി അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും തീരുമാനങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. ത്യേകിച്ച് പഞ്ചാബുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരാശാജനകമാണ്. പാർട്ടിയെ തളർത്തുന്ന വിഭാഗീയതയും വിയോജിപ്പുകളും പരിഹരിക്കുന്നതിന് പകരം ചിലർ അത് കൂട്ടാനായി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് തവണ എംഎൽഎയായ മൻപ്രീത് ബാദൽ രണ്ട് തവണ സംസ്ഥാന ധനമന്ത്രിയും ആയിട്ടുണ്ട്. പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബാദലിന്റെ തുടർച്ചയായ അഭാവം നേരത്തെ തന്നെ ചർച്ചയായി മാറിയിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗും മൻപ്രീത് സിംഗുമായി പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിലെ പര്യടനം കഴിഞ്ഞ് ഇന്നാണ് ഹിമാചൽ പ്രദേശതിൽ പ്രവേശിച്ചത്. ഇതിനിടെ സംസ്ഥാനത്തെ പ്രമുഖ നേതാവ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത് വൻ തിരിച്ചടി തന്നെയാണ്. അതേസമയം, വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam