യെദ്യൂരപ്പയ്ക്കായി ഒത്തുതീർപ്പ് ഫോർമുല, പാവപ്പെട്ട മമതയുടെ പാർട്ടി, പണക്കാരായ നേതാക്കൾ!

Published : Jan 18, 2023, 11:21 AM IST
യെദ്യൂരപ്പയ്ക്കായി ഒത്തുതീർപ്പ് ഫോർമുല, പാവപ്പെട്ട മമതയുടെ പാർട്ടി, പണക്കാരായ നേതാക്കൾ!

Synopsis

വിശ്വസ്തർക്കും ബന്ധുക്കൾക്കും സുരക്ഷിതമായ സ്ഥാനങ്ങൾ ഉറപ്പാക്കാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ പെടാപ്പാട് പെടാറുണ്ട്. അതിനായി തങ്ങളുടെ സ്വാധീനം മുഴുവൻ എടുത്ത് അങ്ങ് പ്രയോ​ഗിച്ച് കളയും. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ കാര്യവും ഇതുപോലെ തന്നെയാണ്

യെദ്യൂരപ്പയെ സമാധാനിപ്പിക്കാൻ ഒത്തുതീർപ്പ് ഫോർമുല

കേന്ദ്രത്തിലും കർണാടകയിലും ഉടനടി ഒരു മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോ? എന്തായാലും അന്തരീക്ഷത്തിൽ അഭ്യൂഹങ്ങൾക്ക് കുറവില്ലാത്തത് കൊണ്ട്  രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകളും തകൃതിയായി നടക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് നാല് കരുത്തർ ഇതിനകം കേന്ദ്ര മന്ത്രിസഭയിൽ ഉള്ളതിനാൽ കർണാടകയിൽ നിന്ന് രാജ്യതലസ്ഥാനത്തേക്ക് ഒരു വിളി ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, കർണാടകയിൽ ആ വിളി പ്രതീക്ഷിച്ചിരിക്കുന്നവർ ഏറെയാണ്.

അതിൽ ശിവമോഗ എംപി ബി വൈ രാഘവേന്ദ്രയും കലബുറഗി എംപി ഉമേഷ് ജാദവും മുന്നിൽ തന്നെയുണ്ട്. സംസ്ഥാനത്ത് ആധിപത്യമുള്ള ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിക്കുന്ന മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ പ്രീതിപ്പെടുത്താൻ തന്നെയാണ് ഇവരെ പരി​ഗണിക്കുന്നതെന്നുറപ്പ്. കേന്ദ്രത്തിൽ നിന്ന് അമിത് ഷാ തന്നെ കൃത്യമായ നിർദേശങ്ങൾ സംസ്ഥാനത്തേക്ക് നൽകി കഴിഞ്ഞിട്ടുണ്ട്. അതിൽ യെദ്യൂരപ്പയുടെ അതൃപ്തി ക്ഷണിച്ചുവരുത്തുന്ന ഒരു നീക്കവും പാടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയെ തന്നെ അമിത് ഷാ അറിയിച്ചതായാണ് വിവരം.

ബസനഗൗഡ പാട്ടീൽ യത്‌നാൽ, അരവിന്ദ് ബെല്ലാഡ് അല്ലെങ്കിൽ സി പി യോഗേശ്വർ എന്നിവർക്കുവേണ്ടിയാണ്  ബൊമ്മൈ വാദിച്ചത്. യെദ്യൂരപ്പയെ സമാധാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു ഒത്തുതീർപ്പ് സമവാക്യം എന്തായാലും രൂപപ്പെടുന്നുണ്ട്. യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയ്ക്ക് ക്യാബിനറ്റ് സ്ഥാനം നൽകിയുള്ള സമവാക്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കംപറച്ചിലുകൾ. 

സിദ്ധ 'വൈദ്യം'

വിശ്വസ്തർക്കും ബന്ധുക്കൾക്കും സുരക്ഷിതമായ സ്ഥാനങ്ങൾ ഉറപ്പാക്കാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ പെടാപ്പാട് പെടാറുണ്ട്. അതിനായി തങ്ങളുടെ സ്വാധീനം മുഴുവൻ എടുത്ത് അങ്ങ് പ്രയോ​ഗിച്ച് കളയും. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ കാര്യവും ഇതുപോലെ തന്നെയാണ്. പക്ഷേ,  മകൻ യതീന്ദ്രയോടുള്ള സ്നേഹം അപകടകരമായ രാഷ്ട്രീയ കുതന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുവെന്നാണ് ചില 'കർനാടക' സംസാരങ്ങൾ.

ബഗലകോട്ട് ജില്ലയിലെ ബദാമിയിൽ നിന്ന് മത്സരിക്കില്ലെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ശേഷം, തനിക്ക് ഇഷ്ടപ്പെട്ട സീറ്റ് കോലാറാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പ്രവർത്തകരെ അദ്ദേഹം ഒന്ന് ‍ഞെട്ടിച്ചുകളഞ്ഞു. വരുണയോ ബദാമിയോ ആണെങ്കിൽ സിദ്ധരാമയ്യക്ക് കാര്യങ്ങൾ എളുപ്പമാണ്. പക്ഷേ, പാർട്ടി നടത്തിയ സർവ്വേകളിൽ കോലാറിൽ അപകടം പതിയിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.  എന്നാൽ, വരുണയിലൂടെ മകനെ സുരക്ഷിതമാക്കി രണ്ടാം ടേം ഉറപ്പാക്കാനാണ് സിദ്ധരാമയ്യയുടെ ആ​ഗ്രഹം. അതുകൊണ്ടാണ് കോലാറിനെ തനിക്ക് വേണ്ടി അദ്ദേഹം തെരഞ്ഞെടുക്കുന്നതും. സിദ്ധരാമയ്യയുടെ ജന്മനാടായ മൈസൂരിൽ നിന്ന് വളരെ അകലെയാണ് ബദാമി. എന്തായാലും കോലാറിൽ നിന്ന് സിദ്ധരാമയ്യക്ക് സ്വർണ്ണമാണോ ചെമ്പാണോ കിട്ടുകയെന്ന് കണ്ടുതന്നെയറിയണം. 
 
ഡിഎംകെയുടെ തന്ത്രങ്ങൾ

ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്‌നാട് നിയമസഭ ഒറ്റക്കെട്ടായി തന്നെ നിൽക്കുകയാണ്. പക്ഷേ, പ്രതിഷേധ സ്വരങ്ങളുടെ ശബ്ദം കൂടുതൽ ഉയർന്നതോടെ ഡിഎംകെ നേതൃത്വം വളരെപ്പെട്ടെന്ന് തന്നെ ഇടപെടലും നടത്തി. ദില്ലിയിൽ നിന്നുള്ള രോഷം ഒഴിവാക്കാനാണ് ഈ യു ടേൺ എന്നാണ് ഇതിനെക്കുറിച്ചുള്ള ചില സംസാരങ്ങൾ. പക്ഷേ, അണപൊട്ടുന്ന പ്രതിഷേധത്തിനിടെ ഡിഎംകെ പയറ്റാൻ നോക്കുന്നത് മറ്റൊരു തന്ത്രം കൂടിയാണ്.

പാർട്ടിയുടെ പ്രധാന ലക്ഷ്യം ദക്ഷിണേന്ത്യയിലെ കരുത്തരായി മാറുക എന്നത് തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 55 ശതമാനം സീറ്റിൽ മാത്രമേ മത്സരിക്കൂ എന്ന് പാർട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മുന്നണിക്ക് പുറത്തുള്ള രണ്ട് പാർട്ടികളായ ഡിഎംഡികെയ്ക്കും പിഎംകെയ്ക്കും ഉൾപ്പെടെ സീറ്റുകളും വാതിലുകളും തുറന്നിടുന്നത് തന്നെയാണ് ഈ പ്രഖ്യാപനം. ഇതുകൂടാതെ ഒഴിവ് വരുന്ന നാല് രാജ്യസഭ സീറ്റുകളിലൂടെയും പലതും ഡിഎംകെ ലക്ഷ്യംവയ്ക്കുന്നുണ്ട്. 

ചില 'അയൽ' പോരുകൾ

തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് ചീഫുമായ  കെ ചന്ദ്രശേഖർ റാവു അതിർത്തി ക‌ടന്ന് ആന്ധ്രയിലേക്കും ചുവട് ഉറപ്പിക്കാനുള്ള രാഷ്ട്രീയ അങ്കത്തിലാണ്. കെസിആറിന്റെ  ആന്ധ്രയിലേക്കുള്ള രാഷ്ട്രീയ പ്രവേശനത്തിന് പിന്നലെ യഥാർത്ഥ കാരണമെന്താണ്? പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയെ ദുർബലപ്പെടുത്താൻ ആന്ധ്ര മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് ഈ അതിർത്തി താണ്ടിയുള്ള വരവെന്നാണ് പാർട്ടിക്കുള്ളിലെ അണിയറ വർത്തമാനങ്ങൾ.

ആന്ധ്രയിൽ കൂടുമാറി ബിആർഎസിൽ പ്രവേശിച്ച  റാവേല കിഷോർ ബാബുവും തോട്ട ചന്ദ്രശേഖറും ജനസേന പാർട്ടിയിൽ നിന്നുള്ളവരാണ്. ബിജെപി മുൻ അധ്യക്ഷൻ കണ്ണ ലക്ഷ്മി നാരായണയും  ബിആർഎസ് പ്രവേശനത്തിനുള്ള ചിന്തയിലാണ്. പവൻ കല്യാൺ കെട്ടിയുയർത്തുന്ന സഖ്യത്തെ ഇടിച്ചിടാൻ തന്നെയാണ് കെസിആറിന്റെ പദ്ധതി. സർക്കാർ വിരുദ്ധ വോട്ടുകൾ എല്ലാം പെട്ടിയിൽ വീഴ്ത്താനുള്ള പവന്റെ പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് കെസിആർ. അതിൽ കെസിആർ വിജയം കണ്ടെത്തിയാൽ ജഗന്റെ വിജയം വീണ്ടും ഉറപ്പാകും. 

പാവം പാർട്ടി, പണക്കാരായ നേതാക്കൾ!

പാർട്ടിയുടെ ആസ്തി ബാങ്കിലുള്ള 47,000 രൂപയാണെന്നാണ് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരിക്കൽ പറഞ്ഞത്. പക്ഷേ, കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പാർട്ടിയിലെ ചില ഉന്നതന്മാരുടെ പക്കൽ നിന്ന് കോടികളാണ് കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്തത്. അടുത്തിടെ നടന്ന ഐടി റെയ്ഡുകളിൽ ടിഎംസി എംഎൽഎ ജാക്കീർ ഹുസൈനിൽ നിന്ന്  15 കോടി രൂപയാണ് കണ്ടെടുത്തത്. ബിസിനസ് പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും പണം സമ്പാദിച്ചതെന്നാണ് എംഎൽഎയുടെ മൊഴി.

പക്ഷേ, വരുമാന സ്രോതസ്സുകൾ തെളിയിക്കാൻ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ ജാക്കീറിന്റെ പരിധി വിട്ട സമ്പാദ്യത്തിലെ പ്രശ്നങ്ങൾ തൃണമൂൽ വരെ പ്രഥമദൃഷ്ട്യാ അംഗീകരിച്ച മട്ടാണ്. പക്ഷേ, പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നാണ്  പാർട്ടി വക്താവ് കുനാൽ ഘോഷിന്റെ വാദം. തന്റെ തൊഴിലാളികൾക്ക് കൂലി നൽകാനാണത്രേ ജാക്കീർ ഹുസൈൻ പണം സൂക്ഷിച്ചത്.

ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. കഴിഞ്ഞ വർഷം വിദ്യാഭ്യാസ കുംഭകോണത്തെ തുടർന്നുള്ള റെയ്ഡുകളിൽ മമത മന്ത്രിസഭയിലെ അന്നത്തെ രണ്ടാമനായിരുന്ന പാർത്ഥ ചാറ്റർജിയാണ് കുടുങ്ങിയത്. പാർത്ഥ ചാറ്റർജിയുടെ സ്ഥാപനത്തിൽ നിന്ന് 50 കോടിയിലധികം രൂപ ഇഡി പിടിച്ചെ‌ടുത്തു. ഇത്രയധികം സമ്പന്നരായ നേതാക്കൾ ഉണ്ടായിട്ടും മമതയുടെ പാർട്ടി മാത്രം ദരിദ്രമായി തുടരുന്നത് എന്തുകൊണ്ട് എന്നുള്ളത് ഇപ്പോഴും ഒരു പ്രഹേളികയായി അവശേഷിക്കുന്നു. 

ബം​ഗാളിൽ കൊടുങ്കാറ്റ് ശമിച്ചു, കേരളത്തിൽ പവനായി ശവമായി, യുപിയിൽ ബിജെപി നേതാവ് കോൺ​ഗ്രസിലേക്കോ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും