വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി

By Web TeamFirst Published Oct 6, 2022, 8:58 PM IST
Highlights

അധ്യക്ഷ പദവിക്ക് തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസിന്‍റെ പക്ഷം

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുവ നേതാക്കൾ പലരും ശശി തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കൾ അധികവും അങ്ങനെ രംഗത്തെത്തിയിട്ടില്ല. അതിനിടയിലാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. അധ്യക്ഷ പദവിക്ക് തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസിന്‍റെ പക്ഷം. തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളാണെന്നും സോസ് കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എന്താണ് നടപടി ക്രമങ്ങള്‍? സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ സംസാരിക്കുന്നു

അതേസമയം എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശശി തരൂർ എം പി ഇന്ന് ചെന്നൈയിലാണ്. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കാനാണ് തരൂർ ചെന്നൈയിലെത്തിയത്. കഴിഞ്ഞ ദിവസം കേരളത്തിലും തരൂർ എത്തിയിരുന്നു. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് തരൂർ എത്തിയപ്പോൾ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. ശേഷമാണ് തരൂർ ചെന്നൈയിലേക്ക് പോയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തരൂർ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നൈ. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തരൂരിന്റെ പേര് നിർദ്ദേശിച്ചത്. ചെന്നൈ സന്ദർശനത്തിൽ 75 മുതൽ 100 വരെ ടി എൻ സി സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടി എൻ സി സി ഓഫീസായ സത്യമൂർത്തി ഭവനിൽ തരൂർ മാധ്യമങ്ങളെ കണ്ടിരുന്നു. മദ്രാസ് ഐ ഐ ടിയിലെ വിദ്യാർഥികളുമായി വൈകുന്നേരം തരൂ‍ര്‍ സംവദിക്കുകയും ചെയ്തിരുന്നു.

ഖാര്‍ഗേക്കായി ചെന്നിത്തല പ്രചാരണത്തിനിറങ്ങും, പിന്തുണക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി ചെന്നിത്തല

click me!