ജി പരമേശ്വരയ്ക്ക് പിടിവീഴും; റെയ്ഡില്‍ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത 100 കോടിയിലധികം രൂപ

By Web TeamFirst Published Oct 11, 2019, 8:29 PM IST
Highlights

പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിൽ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നതായി തെളിഞ്ഞുവെന്ന് ആദായ നികുതി വകുപ്പ്.

ബെംഗ്ലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ്. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിൽ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നതായി തെളിഞ്ഞുവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കോളേജിലെ 185 സീറ്റുകളിൽ ഓരോന്നിനും 65 ലക്ഷം വരെയാണ് തലവരിപ്പണം വാങ്ങിയത്. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നായിരുന്നു ഇത്‌. തലവരിപ്പണം കോളേജ് ജീവനക്കാരുടെ പേരിൽ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. ഇങ്ങനെ അഞ്ച് കോടിയോളം പിരിച്ചെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. നാലേ കാൽ കോടിയോളം രൂപ പണമായി പിടിച്ചെടുത്തു. ഇതിൽ പ്രധാന ട്രസ്റ്റിയുടെ വീട്ടിൽ നിന്ന് മാത്രം 89 ലക്ഷം കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്നു ആദായ നികുതി വകുപ്പ് പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പരമേശ്വരയുടെയും മുൻ കേന്ദ്രമന്ത്രി ആർ എൽ ജാലപ്പയുടെയും വീട്ടിലും സ്ഥാപനങ്ങളിലും നടത്തിവരുന്ന റെയ്ഡ് തുടരുകയാണ്.

പരമേശ്വരയുടെ ഓഫീസ്, വസതി ഇന്‍സ്റ്റിറ്റ്യൂഷന്‍, എന്നിവയ്ക്ക് പുറമെ സഹോദരന്‍ ജി ശിവപ്രസാദിന്‍റെയും പിഎ രമേശിന്‍റേയും വസതികളിലും ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തി. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചിട്ടുള്ളതാണ് റെയിഡെന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.

click me!