'കശ്മീരില്‍ ഇടപെടരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റിനോട് മോദി പറഞ്ഞു': അമിത് ഷാ

By Web TeamFirst Published Oct 11, 2019, 5:40 PM IST
Highlights

'ഏതെങ്കിലും രാജ്യം കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍  നമ്മള്‍ നിലപാട്  വ്യക്തമാക്കാറുണ്ട്. അവിടെ ഒരു തലത്തിലുള്ള ഇടപെടലും സഹിക്കാനാകില്ല. അത് അമേരിക്കൻ പ്രസിഡന്റോ മറ്റാരെങ്കിലുമോ ആകട്ടെ, നിലപാട് ഒന്നുതന്നെയാണ്'.

ദില്ലി: കശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും വിഷയത്തില്‍ ഇടപെടരുതെന്നും അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ്  ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്ന് അമിത് ഷാ. മഹാരാഷ്ട്രയിലെ ബുല്‍ധാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത്ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്.

കശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ആ നിലപാട് വര്‍ഷങ്ങളായി നമ്മള്‍ സ്വീകരിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാജ്യം കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഈ നിലപാട് നമ്മള്‍ വ്യക്തമാക്കാറുണ്ട്. അവിടെ ഒരു തലത്തിലുള്ള ഇടപെടലും സഹിക്കാനാകില്ല. അത് അമേരിക്കൻ പ്രസിഡന്റോ മറ്റാരെങ്കിലുമോ ആകട്ടെ, നിലപാട് ഒന്നുതന്നെയാണ്. ഇക്കാര്യം മോദി ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ കോൺഗ്രസും എൻസിപിയും എതിർത്തിരുന്നു. അവരോട് നിങ്ങള്‍ എന്താണ് കാശ്മീര്‍ വിഷയത്തിലെ നിലപാട് എന്താണെന്ന് ചോദിക്കണം- വോട്ടര്‍മാരോട് അമിത് ഷാ പറഞ്ഞു. കശ്മീരിനെ ഇന്ത്യയുമായി ചേര്‍ക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 വലിയ തടസമായിരുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഒരു പ്രധാനമന്ത്രിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല, എന്നാല്‍  നരേന്ദ്രമോദി അത് ചെയ്തെന്നും അമിത് ഷാ പറഞ്ഞു. 

click me!